- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുദിനത്തിലെ ചരിത്ര വിധി; പോക്സോ കുറ്റകൃത്യങ്ങൾ തടയാനും ഫലപ്രദമായി അന്വേഷിക്കാനും പ്രത്യേക സെൽ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പിച്ചിച്ചീന്തിയ കൊടുംക്രിമിനലിന് നീതിപീഠം വിധിച്ച തൂക്കുകയർ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ അതിക്രമം കാട്ടുന്നവർക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
നിയമ വാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസവും നിയമ സംവിധാനത്തിന്റെ അന്തസും ഉയർത്തുന്ന ചരിത്രപരമായ വിധിപ്രസ്താവമാണ്, ശിശുദിനത്തിൽ പോക്‌സോ പ്രത്യേക കോടതിയിൽ നിന്നുണ്ടായത്. ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചുവെന്നതും ശ്രദ്ധേയമാണ്. തെളിവുകൾ നിരത്തി കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച പ്രോസിക്യൂഷനും അഭിനന്ദനം അർഹിക്കുന്നു.
അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ലെങ്കിലും നീതി നിർവഹണ സംവിധാനത്തിനൊപ്പം കേരളം ഒറ്റക്കെട്ടായി ആ കുടുംബത്തെ ചേർത്തു പിടിക്കേണ്ടതുണ്ട്. ഇത്തരമൊരു ദുർവിധി ഒരു കുഞ്ഞിനും, കുടുംബത്തിനും ഉണ്ടാകരുത്.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സാധാരണമായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളുണ്ടാകണം. പോക്സോ കേസുകൾ തടയുന്നതിനും അന്വേഷണം ഫലപ്രദമായി നടത്തുന്നതിനും പൊലീസിൽ പ്രത്യേക സെൽ രൂപീകരിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച്, ഇത്തരക്കാരെ കൃത്യമായി നിരീക്ഷിക്കാനും സംവിധാനം ഒരുക്കണം-സതീശൻ ആവശ്യപ്പെട്ടു.



