കോട്ടയം: സർക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള അശ്ലീല നാടകമാണ് നവകേരളസദസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങളെ ഉപേക്ഷിച്ച് പൗരപ്രമുഖരുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാകുകയും ചെയ്യുന്ന കാഴ്ചയാണ് നവകേരളസദസിലുള്ള മെയ് രണ്ട് മുതൽ ജൂൺ നാല് വരെ താലൂക്ക്തലത്തിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ നടന്നിരുന്നു. അന്ന് കിട്ടിയ പതിനായിരക്കണക്കിന് പരാതികളിൽ ഒരെണ്ണെത്തിനെങ്കിൽ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അഞ്ച് മാസം മുൻപ് വാങ്ങിവച്ച പരാതികൾ തന്നെയാണ് ഇപ്പോഴും വാങ്ങി വയ്ക്കുന്നതെന്നും സതീശൻ പരിഹസിച്ചു.

നാട്ടുകാരുടെ ചെലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് ഇരുന്ന് നന്നായി ഭരിച്ചാൽ മതി. കർഷകൻ ആത്മഹത്യ ചെയ്തിട്ടും നെല്ല് സംഭരണം ഫലപ്രദമാക്കാൻ ഒരു നടപടിയും എടുത്തില്ല. പ്രശ്നങ്ങൾ പരിഹരിക്കലാണ് ഭരണം. അല്ലാതെ ഇതുപോലെ ഇറങ്ങി നടക്കലല്ല ഭരണം. യു.ഡി.എഫ് അനുഭാവികൾ ആരും നവകേരളസദസുമായി സഹകരിക്കില്ല.

ഒന്നേകാൽ കോടിയോളം ചെലവഴിച്ച് നവകേരളയാത്രയ്ക്ക് ബസ് വാങ്ങിയതൊക്കെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഇവർക്ക് നാണമുണ്ടോ. എല്ലാ ടൂറിസ്റ്റ് ബസുകൾക്കും വെള്ള പെയിന്റ് അടിക്കണമെന്ന് പറഞ്ഞവർ തന്നെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസിന് എല്ലാ ഇളവുകളും നൽകിയത്. മറ്റ് ബസുകൾ എല്ലാ ജംഗ്ഷനുകളിലും പിടിച്ചെടുക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരു നിയമവും ജനങ്ങൾക്ക് മറ്റൊരു നിയമവും എന്ന സ്ഥിതിയാണ്.

കേരളത്തിൽ രാജഭരണകാലമല്ല. രാജാവാണെന്നും രാജഭരണമാണെന്നുമുള്ള ധാരണയിലാണ് മുഖ്യമന്ത്രി. അധികാരം തലയ്ക്ക് പിടിച്ചതുകൊണ്ട് ജനാധിപത്യ ഭരണമാണെന്നത് മുഖ്യമന്ത്രി മറന്നു പോയി. നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയൊരു പരിപാടിയാണ് നവകേരളത്തിന്റെ പേരിലുള്ള കെട്ടുകാഴ്ച. ജനങ്ങളുടെ നികുതിപ്പണം എടുത്തുള്ള ധൂർത്തിനെ അശ്ലീല നാടകമെന്നല്ലാതെ എന്ത് പറയും.

സർക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ അമർഷവും പ്രതിഷേധവുമാണ് ജനങ്ങൾക്ക് ഈ സർക്കാരിനോടുള്ളത്. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുന്നത്. ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളെല്ലാം പാളം തെറ്റി. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, സപ്ലൈകോ, ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ, കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തകർന്നു. വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയ്ക്ക് 3000 മുതൽ 4000 കോടിയാണ് സർക്കാർ നൽകേണ്ടത്. 1500 കോടിയോളം രൂപയാണ് സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ളത്. സപ്ലൈകോ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്. ഏഴ് വർഷം കൊണ്ട് കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയിൽ നിന്നും നാൽപ്പതിനായിരം കോടിയിലേക്ക് വർധിച്ചു. വൈദ്യുതി ചാർജ് എല്ലാ വർഷവും കൂട്ടുമെന്നാണ് മന്ത്രി പറയുന്നത്. കെട്ടിട നികുതിയും വെള്ളക്കരവും വൈദ്യുതി ചാർജും ഇന്ധന നികുതിയും വർധിപ്പിച്ചിട്ടും സർക്കാരിന്റെ ധനപ്രതിസന്ധിക്ക് മാത്രം ഒരു മാറ്റവുമില്ല. സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകിയിട്ട് നാല് മാസമായി. കെ.എസ്.ആർ.ടി.സിയിൽ പെൻഷനും ശമ്പളവുമില്ല. കോടികളുടെ ബാധ്യതയാണ് സർക്കാർ വരുത്തി വച്ചിരിക്കുന്നത്. വികസനപ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സർക്കാർ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം നടത്തുന്നത്. നവകേരള സദസ് കൊണ്ട് ആർക്കാണ് പ്രയോജനം? ഏതെങ്കിലും ജനകീയ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമോ. റബറിന് 250 രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞവർ അതിന് തയാറായില്ല. 717 കോടി രൂപ ലൈഫ് മിഷൻ നീക്കി വച്ചിട്ടി 18 കോടി മാത്രമാണ് നൽകിയത്. പരാജയത്തിന്റെയും ദാരിദ്രത്തിന്റെയും കഥയാണ് എല്ലാ വകുപ്പുകളിലും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണം പോലും നൽകാത്ത സർക്കാരാണ് ഈ കെട്ടുകാഴ്ച നടത്തുന്നത്. ജനങ്ങൾ ഈ നാടകത്തെ പരിഹസിക്കുകയാണ്.

ഒണാഘോഷം നടത്തിയതിന്റെ പണം പോലും നൽകാതെയാണ് രണ്ട് മാസം കഴിഞ്ഞ് കേരളീയം നടത്തിയത്. റോഡിലെ കുഴിയോ വെള്ളക്കെട്ടോ പരിഹരിക്കാൻ സാധിക്കാത്തവരാണ് കേരളീയവും നവകേരള സദസും പോലുള്ള കെട്ടുകാഴ്ചകളുമായി വരുന്നത്. ഇതിനെതിരെ ഡിസംബർ 2 മുതൽ 22 വരെ 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കും. സർക്കാരിന്റെ അഴിമതികളെ ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യും. നവകേരള സദസിന് ആളെക്കൂട്ടാൻ ഉദ്യോഗസ്ഥരെ വിട്ടിരിക്കുകയാണ്. കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയിൽ എത്തിക്കുന്നത്. ഭയപ്പെടുത്തി കൊണ്ട് വരുന്നവരല്ലാതെ ഈ കെട്ടുകാഴ്ച കാണാൻ ജനങ്ങളാരും വരില്ല. സർക്കാരിരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരകളായവരെ പങ്കെടുപ്പിച്ച് കൊണ്ടാണ് യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്.

യൂത്ത് കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ്. എട്ട് ലക്ഷം പേരാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. അതിൽ ഏതെങ്കിലും തരത്തിൽ പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടി എടുക്കട്ടേ. അന്വേഷിക്കട്ടെയെന്ന് നിയുക്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി എടുക്കണം. എന്നാൽ ശത്രുതാ മനോഭാവത്തോടെയാണ് ഭിന്നശേഷിക്കാരനായ ബസുടമയെ വേട്ടയാടുന്നത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന് ഇതൊന്നും ബാധകമല്ലേ. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിയമലംഘനത്തിന് ആർക്കെതിരെ കേസെടുക്കും?

സർക്കാർ പ്രതിസന്ധിയിലാകുമ്പോഴാണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം നടക്കുന്നത്. പ്രതിസന്ധി മാറുമ്പോൾ രണ്ട് കൂട്ടരും ഒന്നാകും. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് 38 തവണയും ലാവലിൻ കേസ് മാറ്റിവച്ചത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലും ഇതേ നാടകമാണ് നടന്നത്. കരുവന്നൂരിലും ഇതേ നാടകമാണ് നടക്കാൻ പോകുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.