- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ആരോപണങ്ങൾ ഉയർന്നാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം; സ്വപ്നയുടെ ആരോപണങ്ങളിൽ കേസെടുക്കാത്തത് ബിജെപി യും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമെന്ന് വി.ഡി സതീശൻ
കൊച്ചി :സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രിമാർക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടിയുണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്.സിപിഎമ്മിലെ പോലെ ലൈംഗികാതിക്രമങ്ങൾ മറ്റേതെങ്കിലും പാർട്ടിയിൽ ഉണ്ടോയെന്നും സതീശൻ ചോദിച്ചു.ആരോപണങ്ങളിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ബിജെപി.യും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാക്കുന്നതെന്നും സതീശൻ പറഞ്ഞു.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിക്കെതിരെയും ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.തന്നെ സ്‌പേസ് പാർക്കിൽ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി,കമ്മീഷൻ കൈപ്പറ്റാനായിരുന്നുവെന്നാണ് ആരോപണം.എന്നാൽ അവരുടെ ആരോപണങ്ങൾ ഇ.ഡി പോലും അന്വേഷിക്കില്ല.കാരണം ഇ.ഡിയും കേന്ദ്രത്തിലെ ബിജെപി നേതൃത്വവും കേരളത്തിലെ സിപിഎം സർക്കാരും ധാരണയിലാണ്.
മുൻ മന്ത്രിമാർക്കും സ്പീക്കർക്കുമെതിരേ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്.ഇത്തരം ആരോപണങ്ങൾ വന്നാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം.ആരോപണമുയർന്നാൽ, കുറ്റവാളിയാണെങ്കിലും അല്ലെങ്കിലും,അന്വേഷിക്കാൻ സർക്കാരും പൊലീസും തയ്യാറാകണം.മന്ത്രിമാർ കുറ്റവാളികളാണെന്ന് പറയുന്നില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് അവരുടെ കടമയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മിലെ മൂന്ന് പ്രമുഖർക്കെതിരെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഈ വാർത്ത ഒരു മാധ്യമവും മൂടിവയ്ക്കാൻ ശ്രമിക്കേണ്ട.എൽദോസ് കുന്നപ്പള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയപ്പോൾ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോകുന്നതിന് പകരം, പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നാണ് തങ്ങൾ പറഞ്ഞതെന്നും സ്വപ്നയുടെ വാക്കുകളും ഒരു സ്ത്രീയുടെ പരാതിയായിത്തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി യുടെ കാര്യത്തിൽ മാത്രമല്ല കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിൽ ധാരണയുള്ളത്.ആ ധാരണ മൂലമാണ് ലാവ്ലിൻ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചത്.അടുത്ത തവണ കേസ് എടുക്കുമ്പോഴും സിബിഐ വക്കീലിന് പനിയായിരിക്കും.ഒരു കേസിലും അന്വേഷണം നടത്താൻ പോകുന്നില്ല.കേസെടുത്ത് മുന്നോട്ട് പോയാൽ കേരളത്തിലെ സിപിഎം തകരുമെന്ന് ബിജെപി നേതൃത്വത്തിന് അറിയാം.അതിന്റെ ഗുണം കേരളത്തിലെ ബിജെപിക്ക് കിട്ടില്ലെന്നും അവർക്കറിയാം.മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ നടപടിക്ക് ബിജെപി എപ്പോഴേ തയ്യാറായേനെയെന്നും സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന് എതിരെയും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.ക്യാമ്പയിൻ നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല.കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നവരെ കണ്ടെത്താൻ ഇവർ ശ്രദ്ധിക്കുന്നില്ല. സിപിഎമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും ലഹരി-ഗുണ്ടാ മാഫിയകൾക്ക് കൂട്ടുനിൽക്കുന്നവയാണെന്ന് അദ്ദേഹം ആരോപിച്ചു.ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്കെതിരെ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.




