- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു; പിന്മാറിയില്ലെങ്കിൽ പിന്മാറുന്നതു വരെ യു ഡി എഫ് സമരം ചെയ്യും; കേരളത്തെ ശ്രീലങ്കയാക്കുന്ന പദ്ധതിയെ എന്തു വില കൊടുത്തും പ്രതിപക്ഷം എതിർത്ത് തോൽപ്പിക്കുമെന്നും വി ഡി സതീശൻ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിന്മാറിയില്ലെങ്കിൽ പിന്മാറുന്നതു വരെ യു.ഡി.എഫ് സമരം ചെയ്യും. കൊച്ചിയിൽ, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും കേരളത്തെ ശ്രീലങ്കയാക്കുകയും ചെയ്യുന്ന പദ്ധതിയെ എന്തു വില കൊടുത്തും പ്രതിപക്ഷം എതിർത്ത് തോൽപ്പിക്കും. ഇക്കാര്യം നിയമസഭയ്ക്ക് അകത്തും പുറത്തും വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്. എന്നാൽ വിനയത്തിന്റെ ഭാഷയായിരുന്നു പ്രതിപക്ഷത്തിന്. ആ വിനയം ജയിക്കുമെന്ന് ഉറപ്പാണ്.
സമരങ്ങളെ കേസെടുത്ത് തോൽപ്പിക്കാനാകില്ല. പിൻവാതിൽ നിയമനങ്ങൾക്കെതിരെ പതിമൂന്ന് ദിവസമായി തിരുവനന്തപുരത്ത് സമരം നടക്കുകയാണ്. ടിയർ ഗ്യാസ് പൊട്ടിച്ചിട്ടും ലാത്തി ചാർജ് നടത്തിയിട്ടും നിരപരാധികളെ ജയിലിലാക്കിയിട്ടും സമരം തുടരുകയാണ്. സമരങ്ങളെ അടിച്ചമർത്താമെന്നത് തെറ്റായ ധാരണയാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. കൊച്ചിൽ 19 കാരി പീഡിപ്പിക്കപ്പെട്ടത് മൂന്നാമത്തെ സംഭവമാണ്. നഗരം പൊലീസിന്റെ നിരീക്ഷണത്തിലാണോ? അക്രമികളുടെ കേന്ദ്രമായി കൊച്ചി മാറിയിരിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് സർക്കാർ പറയുന്നത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ ജീവനും മാനവും സംരക്ഷിക്കുന്നതിൽ ആഭ്യന്തരവകുപ്പും പൊലീസും ദയനീയായി പരാജയപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാൻ കഴിയത്ത സർക്കാരായി എൽ.ഡി.എഫ് സർക്കാർ മാറി. പാർട്ടി നേതാക്കൾക്ക് വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എ.കെ.ജി സെന്ററിൽ അടിമപ്പണി ചെയ്യുകയാണ്. അതിന്റെ പരിണിതഫലമാണ് നാടിനെ ഞെട്ടിക്കുന്ന ഈ സംഭവങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




