- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രമേഷ് പിഷാരടി മത്സരിക്കുന്നതില്‍ തീരുമാനമായില്ല, അടുത്ത പൊങ്കാലക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും'; പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അടുത്ത ആറ്റുകാല്‍ പൊങ്കാല സമയത്ത് ക്ലിഫ് ഹൗസില്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല നഗരി സന്ദര്‍ശിക്കവേയായിരുന്നു സതീശന്റെ ഈ രാഷ്ട്രീയ പ്രവചനം. യുഡിഎഫിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതൊരു ദൗത്യമായി താന്‍ ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ മിന്നല്‍ വേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നാളെ വിജ്ഞാപനം വന്നാല്‍ 24 മണിക്കൂറിനകം ആദ്യ 50 പേരുടെ പട്ടിക പുറത്തുവിടും. മൂന്നോ നാലോ ദിവസം കഴിഞ്ഞാണെങ്കില്‍ 60 പേരുടെ പട്ടിക വരെ തയ്യാറാണെന്ന് സതീശന്‍ വ്യക്തമാക്കി. സിനിമാ താരം രമേഷ് പിഷാരടി പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന്, പിഷാരടിയുടെ പേരും സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം അധികാരമില്ലാത്ത കാലത്തും പാര്‍ട്ടിക്കൊപ്പം നിന്ന വ്യക്തിയാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
കണ്ണൂരിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും സതീശന്‍ പ്രതികരിച്ചു. മട്ടന്നൂരില്‍ നിന്ന് തോല്‍വി ഭയന്നാണ് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അതീവ ജനകീയനാണെന്നും യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഉടലെടുത്ത അനിശ്ചിതത്വം സിപിഎമ്മിന്റെ പതനത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊങ്കാലയര്‍പ്പിക്കാനായി സതീശന്റെ മകള്‍ ഉണ്ണിമായയും ഇത്തവണ തലസ്ഥാനത്തെത്തിയിരുന്നു. 'അച്ഛന്റെ ആഗ്രഹം മുഖ്യമന്ത്രിയാകുക എന്നതല്ല, മറിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുക എന്നതാണ്' എന്ന് ഉണ്ണിമായ മാധ്യമങ്ങളോട് പ്രതികരിച്ചു. സതീശന്റെ കുടുംബത്തിന്റെ സജീവ സാന്നിധ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയൊരു ആവേശം നല്‍കിയിരിക്കുകയാണ്.


