- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ചത് ഇരട്ടി തുക; മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവെന്ന് മന്ത്രി വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ അനുവദിച്ച തുകയുടെ പരിധി 12,17,80,000 രൂപയായിരുന്നു. അത് 2022-23ൽ 25,42,46,000 രൂപയായാണ് ഉയർത്തി നൽകിയത്. ഇതുപോലെ ഓരോ വർഷവും കാൻസർ മരുന്നുകൾക്കുള്ള തുക വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2023- 24 വർഷത്തേയ്ക്കുള്ള തുകയും ഉയർത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.
മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ജീവിതശൈലീ രോഗ നിർണയ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന സ്ക്രീനിംഗിൽ കാൻസർ രോഗികളെ കൂടുതലായി കണ്ടെത്താൻ സാധ്യതയുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയർത്തിയതെന്നും മന്ത്രി വ്യക്തമാക്കി. കാലാകാലങ്ങളിൽ അവശ്യ മരുന്നുകൾ വാങ്ങുന്നതിനുള്ള പരിധി ഉയർത്തുന്നതിന് കെഎംഎസ്സിഎലിനോട് ആവശ്യപ്പെടാറുണ്ട്. മരുന്നുകളുടെ വില വർധനവും രോഗികളുടെ വർധനവും കണക്കിലെടുത്താണ് ഇത്തരത്തിൽ പരിധി വർധനവ് ഓരോ വർഷവും ആവശ്യപ്പെടുന്നത്.
കാൻസർ മരുന്നുകളുടെ സാമ്പത്തിക പരിധി ഉയർത്തുന്നത് സംബന്ധിച്ച് ഇത്തവണ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അയച്ച കത്തും ഒരു പതിവ് കത്ത് മാത്രമാണ്. ഇതിന് മുമ്പ് ജനറൽ, എസൻഷ്യൽ മരുന്നുകളുടെ കൂടെയാണ് കാൻസർ മരുന്നുകൾക്കുള്ള തുകയും നൽകിയിരുന്നത്. എന്നാൽ സർക്കാരിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കാൻസർ മരുന്നുകൾക്കായി പ്രത്യേക ഫണ്ട് അനുവദിച്ച് തുക ഇരട്ടിയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.