- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി; ആദ്യഘട്ടത്തിൽ 42 ആശുപത്രികളെ തിരഞ്ഞെടുത്തു: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനും അതിലൂടെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്), ലക്ഷ്യ സ്റ്റാൻഡേർഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. മികച്ച സംവിധാനങ്ങളൊരുക്കുന്നതിലൂടെ രോഗികൾക്കും ജീവനക്കാർക്കും മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു. മാത്രമല്ല മികച്ച സേവനങ്ങളും ലഭ്യമാകുന്നു. ഇതിലൂടെ സർക്കാർ ആശുപത്രികളുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ 148 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെയാണ് പുതുതായി കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.
ദേശീയ ഗുണനിലവാരത്തിലേക്ക് ഒരാശുപത്രിയെ മാറ്റുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കണ്ട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്.
എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുള്ളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും. ഇതും ആശുപത്രി വികസനത്തിന് ഏറെ സഹായിക്കും. പ്രസവം നടക്കുന്ന ആശുപത്രികളിൽ ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരം മികച്ച സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിടുന്നു.
മറുനാടന് മലയാളി ബ്യൂറോ