മണ്ണാർക്കാട്: സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാരുണ്യ ആരോഗ്യ ഇൻഷുറൻ പദ്ധതിക്കായി സർക്കാർ പ്രതിവർഷം 1600 കോടി രൂപയാണ് ചെലവാക്കുന്നതെന്നും പ്രതിസന്ധികൾ മറികടന്നും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അറിയാതെയോ ആരോഗ്യവകുപ്പ് അറിയാതെയോ സൗജന്യ ചികിത്സ നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും കാരുണ്യ ബെനവെലൻഡ് ഫണ്ട് വഴി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം, ജനറൽ വാർഡ്, സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്, പ്രസവ വാർഡ് എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. എൻ. ഷംസുദ്ദീൻ എംഎ‍ൽഎ, മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത, ആശുപത്രി സൂപ്രണ്ട് അമാനുള്ള, ആർ.എം.ഒ. അബ്ദുൽ റഷീദ്, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് സൽമ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിയെ അനുഗമിച്ചു.