- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റേയും സമൂഹത്തിന്റേയുമുൾപ്പെടെ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും സേവനം നടത്തുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർക്ക് മികച്ച രീതിയിൽ സേവനമനുഷ്ഠിക്കാനുള്ള സമാധാന അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. ഡോ. വന്ദനാ ദാസിന്റെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. വന്ദനാ ദാസ് എന്നും വേദനിക്കുന്ന ഓർമ്മയാണ്. ആദര സൂചകമായി കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നൽകി. വന്ദനയെ എക്കാലവും മലയാളികൾ ഓർക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സുപ്രധാന തീരുമാനങ്ങളെടുത്തു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുമായും സംഘടനകളുമായും നിരവധി തവണ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2012ലെ ആശുപത്രി സംരക്ഷണ നിയമം 2023ൽ കാതലായ പരിഷ്‌ക്കാരങ്ങളോടെ ഭേദഗതി വരുത്തി നിയമമാക്കി. ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ മന്ത്രി വീണാ ജോർജ് നടത്തിയ സന്ദർശനങ്ങളിൽ സുരക്ഷ പ്രത്യേകമായി വിലയിരുത്തി. ആശുപത്രികളിൽ സുരക്ഷയുടെ ഭാഗമായി സി.സി.ടി.വി. സ്ഥാപിച്ചു വരുന്നു. ഇനി വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് സി.സി.ടി.വി. സ്ഥാപിക്കാനുള്ളത്.
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിച്ചത്. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, നിയമ വിദഗ്ദ്ധർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാർ എന്നിവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് കോഡ് ഗ്രേ പ്രോട്ടോകോളിന് രൂപം നൽകിയത്. പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശുപത്രി, ജീവനക്കാർ, രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിങ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോൾ. ഇതോടൊപ്പം ജീവനക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനുമുള്ള നിർദേശങ്ങളും പ്രോട്ടോകോളിലുണ്ട്. ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകാനുള്ള നടപടി പുരോഗമിക്കുന്നു. ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കൃത്യമായ ഇടവേളകളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും. സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി തലം മുതൽ സംസ്ഥാനതലം വരെ വിവിധ കമ്മിറ്റികളുമുണ്ട്. ആശുപത്രി അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യാനുമുള്ള അന്തരീക്ഷമൊരുക്കാനും കോഡ് ഗ്രേ പ്രോട്ടോകോൾ വലിയ പങ്ക് വഹിക്കും.