തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമൊപ്പം കുടുംബാംഗങ്ങൾ വിദേശയാത്രയ്ക്ക് പോയതിൽ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ''മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയാണ് പോയത്, മറ്റാരുമല്ല. കുടുംബാംഗങ്ങൾ പോയത് സർക്കാർ ചെലവിൽ അല്ല. കണക്കുകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാം. യാത്രയുടെ പ്രോഗ്രസ് റിപ്പോർട്ട് ഉടൻ ലഭിക്കും'' മന്ത്രി പറഞ്ഞു.

വിദേശ യാത്രാസംഘത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെട്ടത് വിവാദമായതിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

മിഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനം വിജയകരമാണെന്നും, അതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ ജനങ്ങളോട് വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.കഴിഞ്ഞദിവസം മന്ത്രി ശിവൻകുട്ടിയും വിദേശ സന്ദർശനത്തെ ന്യായീകരിച്ചിരുന്നു. സ്വന്തം ഭാര്യമാരുമായിട്ട് മന്ത്രിമാർ വിദേശത്ത് പോയതിൽ എന്താണ് തെറ്റെന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. രണ്ടാഴ്ചത്തെ യൂറോപ്പ്, ദുബായ് സന്ദർശനത്തിന് ശേഷം ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്.

അതേസമയം, പിപിഇ കിറ്റ് അഴിമതിയിൽ മുന്മന്ത്രി കെ കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച ലോകായുക്ത നടപടിക്ക് അമിതപ്രാധാന്യം നൽകേണ്ടതില്ലെന്നും വീണ ജോർജ് പറഞ്ഞു. വെറുംനടപടി ക്രമം മാത്രമാണ് നടന്നതെന്നും, അതിനപ്പുറത്തേക്കൊന്നും വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.