പത്തനംതിട്ട: വാഹനം കരാർ വ്യവസ്ഥയിൽ കൈക്കലാക്കിയ ശേഷം പൊളിച്ചും മറിച്ചും വിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി മണിപ്പുറ ഉണ്ണാറാച്ഛൻ വീട്ടിൽ അബൂബക്കർ(55), കോയിപ്പുറം വീട്ടിൽ നസീർ (43) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അനീഷ് ശ്രീധരൻ, വാഹനം വാങ്ങിയ റിയാസ് എന്നിവർ ഒളിവിലാണ്.

വെച്ചൂച്ചിറ ലണ്ടൻ പടി തോമ്പിക്കണ്ടം മരുതിപ്പറമ്പിൽ വീട്ടിൽ സോനു ദിനേഷിന്റെ പരാതിയിലാണ് അറസ്റ്റ്. സോനുവിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്ലാൻഡ് ഇനത്തിൽപ്പെട്ട ചരക്കു വാഹനം 2017 ജൂലൈ ഒമ്പതിനാണ് എട്ട് മാസത്തേക്ക് കിലോമീറ്ററിന് 30 രൂപ നിരക്കിൽ പ്രതികൾ വാടകയ്ക്കെടുത്തത്. രണ്ട് തവണയായി വാടകയിനത്തിൽ 30000 രൂപ മാത്രമാണ് ഉടമസ്ഥന് നൽകിയത്. കരാർ അനുസരിച്ചുള്ള ബാക്കി തുകയും വാഹനവും ഉടമസ്ഥന് നൽകാതെ മേട്ടുപ്പാളയത്തുള്ള റിയാസ് എന്നയാൾക്ക് മറിച്ചു വിൽക്കുകയായിരുന്നു.

ഒന്നാം പ്രതി അനീഷ് വയനാട് തിരുനെല്ലി സ്വദേശിയാണ്. ഇയാളാണ് സോനുവിൽ നിന്നും വാഹനം കരാർ അടിസ്ഥാനത്തിൽ വാങ്ങിയത്. തുടർന്ന് രണ്ടും മൂന്നും പ്രതികൾക്ക് കൈമാറി. രണ്ടര ലക്ഷം രൂപക്ക് ഇവർ വാങ്ങിയ വാഹനം റിയാസ് എന്നൊരാൾക്ക് മൂന്നു ലക്ഷത്തിനു മറിച്ചു വിറ്റു. റിയാസ് ഇത്തരത്തിൽ വണ്ടികൾ എടുത്ത് പൊളിച്ചോ മറിച്ചോ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും ഒളിവിൽ പോയ ഒന്നാം പ്രതി അനീഷിനെയും പിടികൂടുന്നതിനു തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

നസീറും അബൂബക്കറും ഈ റാക്കറ്റിലെ കണ്ണികൾ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതേപോലെ എട്ടിലധികം വണ്ടികൾ മേട്ടുപ്പാളയത്ത് റാക്കറ്റിന് പൊളിച്ചുവിൽക്കാൻ കൈമാറിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അനീഷിന്റെ ഫോൺ കാൾ വിശദാംശങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. അബൂബക്കറിനെ വൈത്തിരിയിലും നസീറിനെ മലപ്പുറം പടിക്കലിലും നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

വയനാട് ജില്ലാ പൊലീസ് സ്‌ക്വാഡിന്റെ സഹായവും ലഭ്യമായിരുന്നു. നസീറും അബൂബക്കറും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകൾ ഓഫായിരുന്നു. പിന്നീട് ഇവർ പുതിയ ഫോൺ വാങ്ങുകയും അതിന്റെ ലൊക്കേഷൻ സൈബർ സെൽ കണ്ടെത്തുകയും ചെയ്തതോടെ പൊലീസ് സംഘം പ്രതികളിലേക്ക് എത്തി. ആദ്യം അബൂബക്കറിനെയാണ് വലയിലാക്കിയത്. തുടർന്ന് നസീറിന്റെ വീട്ടിൽ പൊലീസ് എത്തുമ്പോഴേക്കും ഇയാൾ മുങ്ങിയിരുന്നു. ഫോൺ ലൊക്കേഷൻ കോഴിക്കോട് ബസ് സ്റ്റാൻഡ് കാണിച്ചതു പ്രകാരം നടക്കാവ് പൊലീസ് വ്യാപകമായി തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ കാൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ തവണ വിളിച്ച ശ്രീജിത്ത് എന്നയാളെ കണ്ടെത്തി.

ശ്രീജിത്തിന്റെ ഫോൺ ലൊക്കേഷൻ കൊടുവള്ളി കാണിച്ചതിനെ തുടർന്ന്, വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെ ഇയാളുടെ വീട്ടിലെത്തി. ഇയാളോട് വിവരം തിരക്കുകയും പിന്നീട് ഇയാളെക്കൊണ്ട് ഒരു അത്യാവശ്യകാര്യമുണ്ട് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് നസീറിനെ വിളിപ്പിക്കുകയുമായിരുന്നു. അങ്ങനെയാണ് മലപ്പുറം പടിക്കലുള്ള ഒരു ഹോട്ടലിന്റെ മുന്നിലെത്തിയ നസീറിനെ വലയിലാക്കിയത്. പ്രതികളെ ഒരുമിച്ചും വേവ്വേറെയും പൊലീസ് ചോദ്യം ചെയ്തു, ഇവർ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ കുടുങ്ങുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് സി പി ഓമാരായ ശ്യാം, ബിജു, സി പി ഓ ജോസൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികൾ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, നസീർ കുറ്റ്യാടി സ്റ്റേഷനിലെ ഇത്തരമൊരു കേസിലും പ്രതിയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.