കൊച്ചി: എസ് എൻ ട്രസ്റ്റ് ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നൽകണമെന്ന വിധി നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് വെള്ളാപ്പള്ളി നടേശനോട് ഹൈക്കോടതി. എസ്എൻ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിധി നടപ്പാക്കിയില്ലെങ്കിൽ സെപ്റ്റംബർ 19ന് നേരിട്ട് ഹാജരാകണമെന്നും എന്തുകൊണ്ട് വിധി നടപ്പാക്കിയില്ലെന്ന് വിശദീകരണം നൽകണമെന്നുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. കൊല്ലം തട്ടാമല സ്വദേശി കെ കെ ശ്യാം ആണ് വെള്ളാപ്പള്ളി നടേശന് എതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്.

കൊട്ടിയം ശ്രീ നാരായണ ട്രസ്റ്റ് പോളിടെക്നിക് കോളേജിന്റെ ഗവേണിങ് ബോഡി ചെയർമാൻ എന്ന നിലയിലാണ് ഹാജരാകേണ്ടത്. പോളിടെക്നിക് കോളേജിലെ ജീവനക്കാരനായ കെ കെ ശ്യാമിന് നിരവധി ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. ഇൻക്രിമെന്റ് ഉൾപ്പടെ തടയുകയും ചെയ്തു.

ലഭിക്കേണ്ട ആനുകൂല്യങ്ങൾ കണക്കാക്കി രണ്ട് മാസത്തിനകം നൽകാമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അഭിഭാഷകൻ കഴിഞ്ഞ ഒക്ടോബറിൽ നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് ആറ് മാസത്തിന് ശേഷവും പാലിക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും കെ കെ ശ്യാം കോടതിയലക്ഷ്യ ഹർജി നൽകിയത്.