കൊച്ചി: വേണാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് മാറ്റം രണ്ടുദിവസം പിന്നിട്ടപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം. എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർത്തിൽ മാത്രം സ്റ്റോപ്പ് പരിമിതപ്പെടുത്തിയത് ഒരു വിഭാഗത്തിന്റെ യാത്രാക്ലേശം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ പരിഷ്‌കാരത്തിലൂടെ നിശ്ചിത സമയത്തിന് മുമ്പെ വേണാടിന് സ്റ്റേഷനിലേക്ക് ഓടിയെത്താനായത് നേട്ടമായി റെയിൽവെ ഉയർത്തിക്കാട്ടുന്നു. വിവിധ നിർമ്മാണജോലികളും അറ്റകുറ്റപ്പണികളും മൂലമാണ് സൗത്തിലെ സ്റ്റോപ്പ് താൽക്കാലികമായി ഒഴിവാക്കിയതെന്നും യാത്രികർക്കുണ്ടാകുന്ന പ്രയാസങ്ങൾ പിന്നീട് പരിഗണിക്കുമെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച മുതലാണ് സൗത്ത് സ്റ്റോപ്പ് ഒഴിവാക്കി വേണാടിന്റെ ഓട്ടം തുടങ്ങിയത്. ആദ്യദിവസം തിരുവനന്തപുരത്തുനിന്നുള്ള ട്രയിൻ നിശ്ചിതസമയത്തിനും അഞ്ചുമിനുട്ട് മുമ്പെ നോർത്ത് സ്റ്റേഷനിലെത്തിയിരുന്നു. വ്യാഴാഴ്ച 10 മിനുട്ട് മുമ്പെ എത്തി 9 50 ന് ഷൊർണ്ണൂരേക്കുള്ള യാത്ര തുടങ്ങി. ഷൊർണ്ണൂരിൽ നിന്നുള്ള വൈകീട്ടത്തെ വരവും സമയം പാലിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. സൗത്ത് സ്റ്റോപ്പ് ഒഴിവാക്കിയത് പശ്ചിമകൊച്ചി ഭാഗത്തേക്ക് പോകേണ്ട യാത്രികരെയാണ് പ്രയാസത്തിലാക്കിയത്. എന്നാൽ ട്രയിൻ കൃത്യസമയം പാലിക്കുന്നത് അവർക്ക് അൽപ്പം ആശ്വാസം പകരുന്നു.

മറ്റു യാത്രാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സമയത്തുതന്നെ അവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താനാകും. മുമ്പ് സൗത്തിൽ റിവേഴ്സൽ വേണ്ടിവരുന്നതിനാൽ ഏറെ സമയം ഔട്ടറിൽ സിഗ്‌നൽ കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു. അതിനാൽ ഒരിക്കലും സമയം പാലിച്ച് സ്റ്റേഷനിൽ കയറാനാകുമായിരുന്നില്ല. എറണാകുളത്തു നിന്ന് ഷെർണൂരിലേക്ക് പോകുന്ന വേണാട് ഇപ്പോൾ തൃശൂരിൽ നിന്നുള്ള ഗുരുവായൂർ പാസഞ്ചറിന്റെ കണക്ഷൻ ട്രയിനായും മാറിയിട്ടുണ്ട്. കൃത്യസമയം പാലിക്കുന്നതിനാൽ വേണാട് തൃശൂരിൽ എത്തിയ ശേഷമാണ് ഗുരുവായൂർ പാസഞ്ചർ സ്റ്റേഷൻ വിടുന്നത്. ഇത് ഏറെ യാത്രക്കാർക്ക് പ്രയോജനകരമായിട്ടുണ്ടെന്നും റെയിൽവെ അധികൃതർ പറയുന്നു.

പ്ലാറ്റ്‌ഫോം നിർമ്മാണം, ട്രാക്ക് അറ്റകുറ്റപ്പണി, സ്റ്റേഷൻ വികസനം എന്നിവ നടക്കുന്നതിനാലാണ് വേണാടിന്റെ സൗത്ത് സ്റ്റോപ്പ് താൽക്കാലികമായി ഒഴിവാക്കിയതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ പ്ലാറ്റ്ഫോമുകളും ട്രാക്കുകളും ആവശ്യത്തിന് ഇല്ലാത്തതും കാരണമാണ്. തിരുവനന്തപുരത്തുനിന്നും ഷൊർണൂരിൽ നിന്നുമുള്ള വേണാട് ട്രയിനുകൾ സൗത്ത് സ്റ്റേഷനിലെത്തിയാൽ ട്രാക്ക് മാറ്റുന്നതിനുള്ള റിവേഴ്സൽ ആവശ്യമാണ്.