തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വർധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് വെഞ്ഞാറമൂട്ടിൽ ബുധനാഴ്ച മുതൽ 10-ാം തിയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ട്രാഫിക് പൊലീസ് ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്.

തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങൾ അമ്പലമുക്ക് വഴി തിരിച്ചുവിടും. ഡികെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് വർധിച്ചു വരികയാണ്.

അതേസമയം, സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്ക് (മഞ്ഞ കാർഡ് ഉടമകൾ) ആണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ ശരിയല്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.