പത്തനംതിട്ട : കുമ്പഴയിൽ വയോധികയെ കഴുത്തറുത്തുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. കുമ്പഴ മനയത്ത് വീട്ടിൽ ജനകി (92) 2020 സെപ്റ്റംബർ ഏഴിന് രാത്രി 11 ന് കത്തി കൊണ്ട് കഴുത്ത് അറുത്തുകൊല്ലപ്പെട്ട കേസിൽ വീട്ടിലെ പുറം പണികൾ ചെയ്തുവന്ന തമിഴ്‌നാട് സ്വദേശി മയിൽ സാമി(73)യാണ് ശിക്ഷിക്കപ്പെട്ടത്.

പിഴത്തുക ജാനകിയുടെ ഇളയ മകന് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജഡ്ജി ജയകുമാർ ജോണിന്റേതാണ് ഉത്തരവ്. വീട്ടിലെ വേലക്കാരിയായ ഭൂപതിക്കും ജാനകിക്കും ഒപ്പം താമസിച്ചുവന്ന പ്രതി ഭൂപതിയെ ഒഴിവാക്കാൻ ഉദ്ദേശിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ന്യൂമാൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ ജി സുനിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി മയിൽ സ്വാമി അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഹരിശങ്കർ ഹാജരായി.