തിരുവനന്തപുരം: വില്‍പ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ച കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് കഠിന തടവും പിഴയും. തമിഴ്‌നാട് മധുര കീഴ്പെട്ടി സ്വദേശി ആണ്ടി സാമിയെയാണ് (53) തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ് ജഡ്ജ് സിജു ഷേക്ക് ശിക്ഷിച്ചത്. എന്‍ഡിപിഎസ് നിയമം 20 (യ) 2 (ആ), വകുപ്പു പ്രകാരം 4 വര്‍ഷം കഠിന തടവും 20000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 2 മാസം കൂടി അധിക തടവ് അനുഭവിക്കണം.

2017ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വാഴയില ക്രൈസ്റ്റ് നഗര്‍ - പള്ളിമുക്ക് റോഡില്‍ ഗവണ്‍മെന്റ് കോഴിഫാമിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളിലായി ഉണങ്ങിയ ഇലയും കായും തണ്ടും അടങ്ങിയ കഞ്ചാവ് കണ്ടെത്തി. 16 കിലോ കഞ്ചാവാണ് പിടികൂടിയത്. പേരൂര്‍ക്കട സബ് ഇന്‍സ്പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി എസ് രാജേഷ്, അഡ്വ. എ ബീനാകുമാരി, അഡ്വ. അഭിജിത് ജെ ജെ, അഡ്വ ആര്‍ച്ച മദനന്‍ എന്നിവര്‍ ഹാജരായി.