- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ; ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറി ഡോ. ബിച്ചു മലയിൽ; പിന്മാറ്റവുമായി ബന്ധപ്പെട്ട കത്ത് വൈസ് ചാൻസിലർക്ക് കൈമാറി
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്. മലയിൽ പിന്മാറി. ദിവ്യയുടെ വിഷയം ഏറെ വിവാദമായ പശ്ചാത്തലത്തിൽ വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്ന് അവർ വ്യക്തമാക്കി. പിന്മാറ്റവുമായി ബന്ധപ്പെട്ട കത്ത് ചൊവ്വാഴ്ച സർവകലാശാല വൈസ് ചാൻസിലർക്ക് കൈമാറി.
ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് മാർഗനിർദേശങ്ങൾ നൽകുന്നത് മറ്റ് വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ബിച്ചു എക്സ്. മലയിൽ പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്ക് മാർഗനിർദേശങ്ങൾ നൽകാൻ സാധിക്കില്ല. വിവരം ഔദ്യോഗികമായി മലയാളത്തിന്റെ എച്ച്.ഒ.ഡി വഴി വി സിക്ക് കൈമാറിയെന്നും അവർ അറിയിച്ചു.
2020-ലാണ് ആരോപണവിധേയായ വിദ്യാർത്ഥി കാലടി സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായി പ്രവേശിക്കുന്നത്. ഇതിനുശേഷമുള്ള പരിചയം മാത്രമാണ് വിദ്യയുമായി ഉള്ളുവെന്നും അവർ കൂട്ടിച്ചേർത്തു. മുൻ എസ്എഫ്‌ഐ നേതാവ് തൃക്കരിപ്പൂരിലെ കെ വിദ്യ കരിന്തളം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിലും ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തത് വ്യാജരേഖ ഹാജരാക്കി നേടിയ നിയമനത്തിലൂടെ ആയിരുന്നു.
കരിന്തളം കോളജിൽ ഹാജരാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും വ്യാജമാണോയെന്ന് കോളജ് അധികൃതർ മഹാരാജാസ് കോളജ് അധികൃതരോട് വിവരം തേടിയിരിക്കുകയാണ്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് ഇവർ ഇവിടെ താൽക്കാലികാധ്യാപികയായി വിദ്യ ജോലി ചെയ്തിരുന്നത്. എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തന്നെയാണ് കരിന്തളത്തും ഹാജരാക്കിയിരുന്നത്. ഇതേ രേഖയാണ് സാധുത ആരാഞ്ഞ് ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം വഴി ഓൺലൈൻ ആയി മഹാരാജാസ് കോളജിലേക്ക് അയച്ചിരിക്കുന്നത്. ഇന്നു രാവിലെ കോളജിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് പരിശോധിക്കാൻ തീരുമാനമെടുത്തത്.
കോളജിലെ അക്കാദമിക് കാര്യങ്ങളിൽ അടിയന്തര ആലോചന നടത്തേണ്ട ഘട്ടങ്ങളിൽ കൗൺസിൽ ചേരണമെന്നാണ് സർവകലാശാല ചട്ടം. കോളജ് പ്രിൻസിപ്പൽ, പ്രധാന പഠന വകുപ്പുകളുടെ തലവന്മാർ, കോളജ് സൂപ്രണ്ട് എന്നിവരുൾപ്പെട്ടതാണ് കൗൺസിൽ. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ജയ്‌സൺ വി ജോസഫ്, വിവിധ പഠന വകുപ്പ് മേധാവികളായ ഡോ. ജിൻസ് ജോസഫ്, ഡോ. നെവിൽ സ്റ്റീഫൻ, ഡോ. ടി എസ് ശ്രീജ, ജൂനിയർ സൂപ്രണ്ട് എം നിഖിൽ ശർമ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.



