കോഴിക്കോട്: കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 14 കുപ്പി വിദേശമദ്യം വിജിലൻസ് കണ്ടെത്തിയ സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. ഓപ്പറേഷൻ സേഫ് സിപ്പ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന മിന്നൽ പരിശോധനയുടെ ഭാഗമായാണ് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി പരിശോധന നടത്തിയത്.

സെപ്റ്റംബർ 2ന് രാത്രി 7.30-നായിരുന്നു വിജിലൻസ് സംഘം ഓഫീസിലെത്തിയത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ബാറുകാരുടെയും കള്ളുഷാപ്പുകാരുടെയും പക്കൽ നിന്ന് വിവിധ എക്സൈസ് ഓഫീസുകളിലേക്ക് മദ്യം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കണ്ടെടുത്ത മദ്യം രേഖകളിൽ ചേർക്കാത്തതാണെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തി.

കോഴിക്കോട് സർക്കിൾ ഓഫീസിന് പുറമെ വടകര, പേരാമ്പ്ര, കൊടുവള്ളി, താമരശ്ശേരി എന്നീ എക്സൈസ് സർക്കിൾ ഓഫീസുകളിലും ഇതേ ദിവസം പരിശോധന നടന്നു. പേരാമ്പ്ര സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കള്ളുഷാപ്പിൽ നിന്ന് 10,000 രൂപ ഗൂഗിൾ പേ വഴി ലഭിച്ചതായും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.

എക്സൈസ് സർക്കിൾ ഓഫീസിലെ കാബിൻ്റെ മുന്നിലെ മേശപ്പുറത്ത് സ്റ്റിക്കർ പതിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. തണ്ണീർപന്തൽ എന്ന സ്ഥലത്ത് നിന്ന് അഞ്ച് ലിറ്റർ വിദേശമദ്യം കൈവശം വെച്ചതിന് ബൈജു എന്നയാൾക്കെതിരെ അബ്കാരി കേസ് എടുത്തെന്നും, ഇയാളെയും തൊണ്ടി മുതലുകളുമായി ഓഫീസിലേക്ക് വരുമ്പോൾ വേങ്ങേരി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട 14 കുപ്പികളിലുള്ള വിദേശമദ്യമാണ് ഇത് എന്നുമാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസിന് നൽകിയ വിശദീകരണം.