ഇടുക്കി: ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ് അയച്ചു. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ആധാരത്തിലുള്ളതിനേക്കാള്‍ 53 സെന്റ് അധിക ഭൂമി ചിന്നക്കനാലില്‍ കൈവശം വെച്ചെന്നതാണ് കുഴല്‍നാടനെതിരായ പ്രധാന കേസ്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ വാങ്ങിയ ഭൂമി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്തു എന്നതായിരുന്നു ഒരു പ്രധാന ആരോപണം. വിജിലന്‍സും റവന്യൂ വകുപ്പും നടത്തിയ സംയുക്ത അന്വേഷണത്തില്‍, മാത്യു കുഴല്‍നാടന്റെ പേരില്‍ മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയുള്ളതായും, ഇതില്‍ 53 സെന്റ് അധിക ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായും കണ്ടെത്തി. കൂടാതെ, ഭൂമിയിലെ കെട്ടിടത്തിന്റെ വില കുറച്ച് കാണിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം, സര്‍ക്കാര്‍ താരിഫ് വിലയേക്കാള്‍ കൂടുതല്‍ തുക രേഖപ്പെടുത്തിയാണ് ഭൂമി രജിസ്റ്റര്‍ ചെയ്തതെന്നതിനാല്‍, ഭൂമി വില കുറച്ച് ആധാരം ചെയ്തുവെന്ന കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍. ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ അറിയിച്ചിട്ടുണ്ട്. ഈ കേസില്‍ വിജിലന്‍സ് നടത്തുന്ന തുടര്‍നടപടികളിലെ പ്രധാന ഘട്ടമാണ് എംഎല്‍എയുടെ ചോദ്യം ചെയ്യല്‍.