പാലക്കാട്: കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കൊള്ളയടിക്കാൻ സൗകര്യമൊരുക്കുകയാണ് കേന്ദ്രസർക്കാരെന്ന് കിസാൻ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ. കർഷകർ ദാരിദ്ര്യത്തിലേക്ക് കൂടുതൽ വീണുവെന്നും വിജു കൃഷ്ണൻ പറഞ്ഞു. ദേശാഭിമാനി 80-ാം വാർഷികത്തോടനുബന്ധിച്ചുള്ള കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിയെ കണ്ടപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്. അത് വോട്ടിനുള്ളതാണ്, നടപ്പാക്കാനുള്ളതല്ല എന്ന് ഒരു മടിയും കൂടാതെ പറഞ്ഞു. കർഷകന് ദുരിതവും കടക്കെണിയുമുണ്ടാകുമ്പോൾ കോർപറേറ്റ് കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം നൽകുകയാണ് കേന്ദ്രം

30 വർഷത്തിനിടയിൽ മാറി വന്ന സർക്കാരുകൾ ചെയ്തുകൊണ്ടിരുന്നത് ഇതാണ്. ഇന്ന് ഉത്തരേന്ത്യയിലെ മാധ്യമങ്ങളെ മോദി മീഡിയ എന്നാണ് പറയുന്നത്. സർക്കാരിന്റെ മടിയിൽ ഇരിക്കുന്ന, പറയുന്ന രീതിയിൽ പ്രചരണം നടത്തുന്ന മാധ്യമമാണ് ഇന്ത്യയിലുള്ളത്


ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ദരിദ്ര കർഷകരുടെ വോട്ടുവാങ്ങിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ, പിന്നീടവരെ അവഗണിച്ചു. ഈ മാസം 26ന് അഖിലേന്ത്യാ തലത്തിൽ വിപുലമായ കർഷകമാർച്ചുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘാടകമിതി ചെയർമാൻ ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ സംസാരിച്ചു.