- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോചന ദ്രവ്യത്തിനായി വ്യാപാരിയെ പൊലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ പൂട്ടിയ സംഭവം 2 പൊലീസുകാർ അടക്കം 3 പേർ പ്രതികൾ; ഒന്നാം പ്രതി വിനീതിന് ജാമ്യമില്ല
തിരുവനന്തപുരം: മോചനദ്രവ്യത്തിനായി ഇ ഡി റെയ്‌ഡെന്ന് കാട്ടി വ്യാപാരിയെ കാർ തടഞ്ഞ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് കൈ വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാർ സ്റ്റിയറിംഗിൽ കൈയാമം വച്ച് പൂട്ടിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർക്ക് ജാമ്യമില്ല. ഒന്നാം പ്രതിയായി റിമാന്റിൽ കഴിയുന്ന പൊലീസുകാരനായ ഉഴമലക്കൽ പോങ്ങാട് നിന്നും നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ സി പി ഒ 36കാരനായ വിനീതിനാണ് ജാമ്യം നിഷേധിച്ചത്.
കൂട്ടു പ്രതി സി പി ഓ (സിവിൽ പൊലീസ് ഓഫീസർ) കിരൺകുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ ആണ് റിമാന്റിൽ കഴിയുന്ന പൊലീസുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചത്. മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ഗൗരവമേറിയ ആരോപണമുള്ള കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിൽ നിൽക്കുകയാണ്. പ്രതി കേരളാ പൊലീസ് സേനയിലെ അംഗമാണ്. കൃത്യത്തിൽ പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നു.
ഈ ഘട്ടത്തിൽ സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. കോടതി നിർദ്ദേശ പ്രകാരം കാട്ടാക്കട ഡിവൈഎസ്‌പി റിപ്പോർട്ട് ഹാജരാക്കിയിരുന്നു. . റിമാന്റിൽ കഴിയുന്ന പൊലീസുകാരായ ഉഴമലക്കൽ പോങ്ങാട് നിന്നും നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ സി പി ഒ വിനീത് (36), ക്രിമിനൽ ഗൂഢാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ വെള്ളൂർക്കോണത്തു നിന്നും പോത്തൻകോട് സ്റ്റേഷൻ സി പി ഒ കിരൺകുമാർ (36) , സുഹൃത്ത് വെള്ളനാട് സ്വദേശി അരുൺ എന്നിവരാണ് പ്രതികൾ.
കാട്ടാക്കട മജിസ്‌ട്രേട്ട് ആദ്യ ജാമ്യ അപേക്ഷ നിരസിച്ച ഉത്തരവുമായാണ് പ്രതികൾ ജില്ലാ കോടതിയിലെത്തിയത്. 2023 ജൂൺ 28 നാണ് 2 പൊലീസുകാർ അടക്കം 3 പേർ അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു പണം തട്ടിപ്പ് ആരോപണത്തിൽ സസ്‌പെൻഷനിൽ കഴിയുന്ന പൊലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത്, പോത്തൻകോട് സി പി ഒ കിരൺകുമാർ , സുഹൃത്ത് വെള്ളനാട് സ്വദേശി അരുൺ എന്ന വിനു (35) എന്നിവരാണ് 1 മുതൽ 3 വരെയുള്ള പ്രതികൾ.
ജൂൺ 24 ന് രാത്രി 9.30 ന് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശത്താണ് സംഭവം അരങ്ങേറിയത്.സസ്‌പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് കാക്കി വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വാഹന പരിശോധന നടത്തുന്നുവെന്ന വ്യാജേന പരാതിക്കാരൻ ഓടിച്ചു വന്ന കാർ തടയുകയായിരുന്നു. മുജീബാണോയെന്ന് കാക്കിയിലെത്തിയ ഒന്നും രണ്ടും പ്രതികൾ ചോദ്യമുന്നയിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വ്യാപാരിയുടെ കൈ സ്റ്റിയറിംഗിൽ കൂട്ടി വിലങ്ങിട്ടു, ഇഡി റെയ്ഡ് എന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായാണ് കേസ്. ഡിപ്പാർട്ട്‌മെന്റ് കൈ വിലങ്ങിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസുകാരിലേക്കെത്തിയത്. മറ്റൊരു തട്ടിപ്പ് കേസിൽ സി പി ഒ വിനീത് സസ്‌പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് പണാപഹരണത്തിനായി തട്ടിക്കൊണ്ടു പോകവേ വഴിയിലുപേക്ഷിച്ച് മുങ്ങിയത്.
കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികൾ കൈകാണിച്ച് വാഹനം തടഞ്ഞ് നിർത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു. മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മിൽ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോൾ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.
അവർ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരൻ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കവേ പരാതിക്കാരന്റെ വലതുകാലിൽ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടിൽ നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്ബിന് സമീപം താമസിക്കുന്ന സോണി മൻസിലിൽ മുജീബ്( 43) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബെൽ ടവർ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കൽ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടിൽ വിനീതിനെ (36) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ തിരുവനന്തപുരം റൂറൽ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ സംഭവത്തിന് എട്ട് മാസങ്ങൾക്ക് മുൻപ് സസ്‌പെൻഷനിൽ ആവുകയായിരുന്നു. തുടർന്ന് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്