- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ കാർ ഓടിച്ച് സ്‌കൂട്ടറിൽ ഇടിച്ച് അദ്ധ്യാപിക കൊല്ലപ്പെട്ട പൂജപ്പുര നരഹത്യാ കേസ്; പ്രതി വിനോദ് തമ്പിയെ മെയ് 30ന് ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം: മദ്യലഹരിയിൽ കാർ ഓടിച്ച് പൂജപ്പുര മുടവന്മുകളിൽ സ്‌കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരിയായ സ്‌കൂൾ അദ്ധ്യാപിക കൊല്ലപ്പെടുകയും ഒപ്പം സഞ്ചരിച്ചിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പൂജപ്പുര നരഹത്യാ കേസിൽ ഏക പ്രതിയായ വിനോദ് തമ്പിയെ മെയ് 30ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽ കുമാറിന്റേതാണുത്തരവ്. കാറോടിച്ചിരുന്ന തിരുമല മുടവന്മുകൾ നല്ലത്ത് റോഷ്‌നി ഭവനിൽ വിനോദ് കുമാറെന്ന വിനോദ് തമ്പി (40) യെ പൂജപ്പുര സർക്കിൾ ഇൻസ്‌പെക്ടറാണ് ഹാജരാക്കേണ്ടത്.
2018 നവംബർ രാത്രി 7.30 നാണ് അപകടം നടന്നത്. പൂജപ്പുര തൃക്കണ്ണാപുരം ടാഗോർ റോഡിൽ പുണർതം വീട്ടിൽ സജുവിന്റെ ഭാര്യ മങ്കാട്ടുകടവ് വിശ്വപ്രകാശം സ്‌കൂൾ അദ്ധ്യാപിക പത്മ പ്രിയയാണ് (39) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ഗാഥ (14) കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്മപ്രിയ സ്‌കൂളിൽ നിന്ന് വന്നശേഷം ബന്ധുവീട്ടിലായിരുന്ന മകളെ കൂട്ടിക്കൊണ്ട് വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കരമന പി.ആർ.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും പത്മപ്രിയ പുലർച്ചെ ഒരു മണിയോടെ മരിച്ചു. ഭർത്താവ് സജു പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ജീവനക്കാരനും മുൻ സൈനികനുമാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ശശ) ( തന്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെ മരണം സംഭവിപ്പിക്കുന്ന കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ ) , 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യ ജീവന് ആപത്തു വരത്തക്കവിധത്തിൽ വാഹനമോടിക്കൽ) , 337 ( പരിക്കേൽപ്പിക്കൽ ) , 338 ( അസ്ഥിക്ക് പൊട്ടൽ സംഭവിപ്പിച്ച് കഠിന ദേഹോപദ്രവമേൽപിക്കൽ) , മോട്ടോർ വാഹന നിയമത്തിലെ 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി പ്രതിക്കെതിരെ സെഷൻസ് കേസെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്