- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വിസ നൽകി സ്‌പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത്; തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തു
ആലുവ: വ്യാജ വിസ നൽകി സ്‌പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ആലക്കോട് കുന്നേൽവീട്ടിൽ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് ഭവനത്തിൽ പൃഥ്വിരാജ് കുമാർ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്‌പെയിൻ അധികൃതർ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ആണ് മനുഷ്യ കടത്തിലെ ഏജന്റ് മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ ആറ് ലക്ഷത്തോളം രൂപ സംഘത്തിന് നൽകിയാണ് ഷെങ്കൻ വിസ സംഘടിപ്പിച്ചത്. വിസ വ്യാജമായിരുന്നു. യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായി വിസ ലഭിക്കുന്നതിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും, നടപടിക്രമങ്ങളും ആവശ്യമാണ്. വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് പൊതുവേ യൂറോപ്പിൽ വർക്ക് വിസ ലഭിക്കുവാൻ ബുദ്ധിമുട്ടാണ്.
വിദ്യാഭ്യാസ യോഗ്യതകളിൽ കുറുവുള്ള ആളുകൾക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്. ജോബിൻ മൈക്കിളിനെ കാസർഗോഡ് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്‌പി ആർ.രാജീവ്, എസ്‌ഐ ടി.എം.സൂഫി, എഎസ്ഐമാരായ ജോർജ് ആന്റെണി, എ.എ.രവിക്കുട്ടൻ, ടി.കെ.വർഗീസ്, ടി.എ.ജലീൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാജ വിസകൾ നൽകുന്ന ഏജന്റ് മാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവരുടെ ചതിയിൽപെടരുതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.




