- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിനെ നാളെ കസ്റ്റഡിയിൽ വാങ്ങും; കേസിൽ രണ്ടുസാക്ഷികൾ; യുവതിയുടെ പൊന്നാനിയിലെ സുഹൃത്തും, അയൽപക്കക്കാരനും സാക്ഷികളാകുമെന്ന് സൂചന
കണ്ണൂർ: വിഷ്ണുപ്രിയ കേസിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം അന്വേഷണം ഊർജ്ജിതമാക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ട് സാക്ഷികളാണ് കേസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. യുവതിയുടെ പൊന്നാനിയിലെ സുഹൃത്ത്, വീടിനടുത്ത് താമസിക്കുന്ന ഒരാൾ എന്നിവരാണിത്. വിഷ്ണുപ്രിയയുടെ അയൽപക്കക്കാരൻ കൊല നടത്തിയതിനു ശേഷം ശ്യാംജിത്ത് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. ഇയാളുടെ മൊഴി ശേഖരിക്കുമെന്ന് പൊലിസ് അറിയിച്ചു.
ഇതുകൂടാതെ വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ ആൺ സുഹൃത്തിന്റെ പാഥമിക മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ആവശ്യമെങ്കിൽ ഇയാളിൽ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം. സാക്ഷിമൊഴികളും തെളിവുകളും ഉൾപ്പെടെ പഴുതടച്ച കുറ്റപത്രമൊരുക്കാനാണ്പൊലിസ് തയ്യാറെടുക്കുന്നത്. പാനൂർ വള്ള്യായിയിൽ കണ്ണച്ചാൻങ്കണ്ടി ഹൗസിൽ വിഷ്ണുപ്രിയയെ കഴുത്തറത്തുകൊന്ന കേസിൽ പ്രതിയെ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തിൽ ശ്യാംജിത്തിനെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലിസ് ഒക്ടോബർ 26ന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് കൂത്തുപറമ്പ് എ.സി.പി അറിയിച്ചു.
ഞായറാഴ്‌ച്ച രാത്രിയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കണ്ണൂർ സബ് ജയിലിലാണ് ശ്യാംജിത്ത് റിമാൻഡിൽ കഴിയുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രദേശവാസികളുടെ പ്രതിഷേധത്തിനുള്ള സാധ്യതകണക്കിലെടുത്ത് തെളിവെടുപ്പിന് മുന്നോടിയായി വിഷ്ണുപ്രിയയുടെ വീടിനും പരിസരത്തും ശക്തമായ കാവൽ ഏർപ്പെടുത്തും.




