തലശേരി: പാനൂർ മൊകെരി വള്ള്യായിയിലെ വിഷ്ണുപ്രിയ(23) കൊലപാതകകേസിലെ പ്രതി ശ്യാംജിത്തിനെ കൂത്തുപറമ്പിലെ കടയിൽ തെളിവെടുപ്പിന് എത്തിച്ചു. പ്രതി ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കടയിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്‌ത്തിയത്. നിർവ്വികാരനായാണ് ശ്യാംജിത്ത് തെളിവെടുപ്പിന് എത്തിയത്. കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. അതിന് ശേഷം പൊലീസിന് മൊഴി കൊടുത്തു.

ശ്യാംജിത്തിനെ ഇന്ന് കോഴിക്കോടേക്ക് കൊണ്ടുപോകും. വിഷ്ണുപ്രിയയും പൊന്നാനിക്കാരനായ സുഹൃത്തും കോഴിക്കോട് വെച്ച് ശ്യാംജിത്തുമായി പ്രശ്നമുണ്ടായിരുന്നു. അതെവിടെയാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്യാംജിത്തിനെയും കൊണ്ട് കോഴിക്കോടേക്ക് പോകുക. ഈ സംഭവമാണ് കൂടുതൽ പകക്ക് കാരണമായതെന്നാണ് ശ്യാംജിത്തിന്റെ മൊഴി.

ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ അന്നു മുതൽ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴി നൽകിയതും. കൂത്തുപറമ്പിലെ കടയിൽ നിന്നും കത്തിക്കുള്ള ഇരുമ്പ് വാങ്ങിയതിനു ശേഷം അഞ്ചാം പാതിരയെന്ന സീരിയൽ കില്ലറുടെ സിനിമയിൽ കണ്ടതു അനുകരിച്ച് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിർമ്മിക്കുകയായിരുന്നുവെന്നാണ് പൊലിസ് റിപ്പോർട്ട്.