വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുപ്പിച്ച രണ്ടാമത്തെ ചൈനീസ് കപ്പലായ ഷെൻഹുവാ-29 ൽ നിന്ന് ഒരു ക്രെയിനിറക്കി. കപ്പലിലെത്തിച്ച ഷിപ്പ് ടു ഷോർ ക്രെയിനുകളിൽ ഒരെണ്ണമാണ് തുറമുഖത്തെ ബെർത്തിലിറക്കിയത്. കപ്പലിലെ ബാക്കിയുള്ള ക്രെയിനുകൾ മുന്ദ്ര തുറമുഖത്തിനുള്ളതെന്നാണ് സൂചന. 

വ്യാഴാഴ്ച രാവിലെ ക്രെയിനിറക്കലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. തുടർന്ന് ഒൻപതരയോടെ കപ്പലിൽനിന്ന് ബെർത്തിലേക്ക് ക്രെയിനിറക്കി. താത്കാലിക പാളങ്ങൾ സജ്ജമാക്കിയാണ് ക്രെയിനിറക്കിയത്. കപ്പലിൽ രണ്ട് വലിയ ഷിപ്പ് ടു ഷോർ ക്രെയിനുകളും ആറ് യാർഡ് ക്രെയിനുകളുമാണുള്ളത്. ഇവയുമായി ശനിയാഴ്ചയോടെ കപ്പൽ വിഴിഞ്ഞത്തുനിന്ന് മുന്ദ്രയിലേക്ക് പുറപ്പെടുമെന്ന് തുറമുഖ കമ്പനി അധികൃതർ അറിയിച്ചു.