തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക് കടക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ജനുവരി 24-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുറമുഖം പൂര്‍ണ്ണസജ്ജമാകുന്നതോടെ ആഗോള സമുദ്രവ്യാപാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തമാകും.

ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് വിപുലമായ സൗകര്യങ്ങളോടെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നത്. കൂടുതല്‍ കണ്ടെയ്നര്‍ ബര്‍ത്തുകള്‍, യാര്‍ഡുകള്‍, ആധുനിക ക്രെയിനുകള്‍ എന്നിവ ഈ ഘട്ടത്തില്‍ സജ്ജമാക്കും. 2028-ഓടെ തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.