തിരുവനന്തപുരം: ഗേറ്റിൽ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഓടിയെത്തി ഫയർഫോഴ്സ് സംഘം. വിഴിഞ്ഞത്താണ് ദാരുണ സംഭവം നടന്നത്. ഇരുമ്പ് ഗേറ്റിൽ തല കുരുങ്ങി അവശരായ രണ്ട് കുഞ്ഞുങ്ങൾക്കാണ് വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂസേന രക്ഷകരായത്.

കാക്കാമുല കായൽ കരയിലുള്ള വീടിന്‍റെ ഗേറ്റിലാണ് ഇന്നലെ രാത്രിയോടെ നായ് കുഞ്ഞുങ്ങൾ കുടുങ്ങി പോയത്. രാത്രി മുഴുവൻ കരഞ്ഞ് തളർന്ന ഇവയെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വീട്ടിൽ ആളില്ലാതിരുന്നതിനാലും നായ്ക്കുട്ടികൾ അവശരായതിനാലും നാട്ടുകാർ വാർഡ് മെമ്പറെ വിവരം അറിയിച്ചു. അദ്ദേഹം ഫയർഫോഴ്സ് സഹായം തേടുകയും വിഴിഞ്ഞത്ത് നിന്ന് സീനിയർ ഓഫീസർ ശിവന്‍റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ് രണ്ട് നായ് കുഞ്ഞുങ്ങളെയും സുരക്ഷിതമാക്കി ഒടുവിൽ വിടുകയായിരുന്നു.