തിരുവനന്തപുരം:വിഴിഞ്ഞം സമരം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പള്ളികളിൽ സർക്കുലർ.തുടർച്ചയായി ഇത് അഞ്ചാമത്തെ ഞായറാഴ്‌ച്ചയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ അതിരൂപതയുടെ സർക്കുലർ വായിക്കുന്നത്.

തീർത്തും ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് വിഴിഞ്ഞത്തെ സമരമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലേഖനത്തിലുള്ളത്.വിഴിഞ്ഞം തുറമുഖ വിയത്തിൽ സർക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.

തുറമുഖ നിർമ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനായി ലത്തീൻ സമരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.സമര പരിപാടികളുടെ ഭാഗമായി നാളെ നടത്താനിരിക്കുന്ന റോഡ് ഉപരോധത്തിന്റെയും ബുധനാഴ്ച നടത്താനിരിക്കുന്ന സമരത്തിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ സർക്കുലർ.

അതേ സമയം സമരം തുടങ്ങി അറുപത് ദിവസത്തിലധികം പിന്നിടുമ്പോഴാണ് പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി അതിരൂപത സർക്കുലർ വായിച്ചിരിക്കുന്നത്.എൻ.എസ്.എസ്,എസ്.എൻ.ഡി.പി,വി എസ്.ഡി.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചിരുന്നു.

സമരത്തിൽ പങ്കെടുക്കുന്ന വിവിധ സമുദായ സംഘടനകളുടെ മുൻനിര നേതാക്കൾ തന്നെ ഇവർക്ക് പിന്തുണയുമായി സമര വേദിയിൽ എത്തിയിരുന്നു.ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ടാണ് സമരം കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സഭ എത്തിയിരിക്കുന്നത്.