ചേലക്കര: ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും ചേലക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ചവാശി പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പോലും അപമാനകരമായ ഒരു ഭരണമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്നത്. അത് ജനങ്ങളില്‍ മടുപ്പുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ ഭരണം കേരളത്തെ സര്‍വനാശത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ജനങ്ങളുടെ മനസില്‍ ഇത്ര മടുപ്പുളവാക്കുന്ന ഒരു സര്‍ക്കാര്‍ ഇതുവരെ വന്നിട്ടില്ല. സര്‍വമേഖലയിലും പരാജയമാണ് ഈ സര്‍ക്കാര്‍. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഭരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സാന്നിധ്യവും ഭീഷണിയായി കാണുന്നില്ല. പാലക്കാടോ, ചേലക്കരയിലോ വയനാട്ടിലോ ബി.ജെ.പിക്ക് ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എതിര്‍പ്പുകളും മറ്റും പല സന്ദര്‍ഭങ്ങളിലായി പുറത്തുവരും. എന്നാല്‍, പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ പാടില്ല. ആ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നാണ് എന്റെ അഭിപ്രായം. ഒന്നുരണ്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് സുധീരന്‍ പറയുന്നത്.

ബി.ജെ.പിയുടെ സാന്നിധ്യം ഒരുതരത്തിലും ഭീഷണിയാകുന്നില്ല. സിനിമാതാരം എന്ന നിലയില്‍ സുരേഷ് ഗോപിക്കുള്ള ഗ്ലാമര്‍ തൃശ്ശൂരിലെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, ഇനി അത് ആവര്‍ത്തിക്കില്ല. മന്ത്രി ആയതിനുശേഷമുള്ള അദ്ദേഹത്തിന്റെ പെര്‍ഫോമെന്‍സ് ജനങ്ങളില്‍ അത്ര മതിപ്പ് ഉളവാക്കുന്നില്ല. അദ്ദേഹത്തെ കുറിച്ച് നേരത്തെയുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.