- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യേശുവിനെ ക്രൂശിക്കാനാണ് പടയാളികൾ കാവൽനിന്നത്; അങ്ങനെയുള്ള കാവലിൽ നാം അർപ്പിക്കുന്ന ബലി അതേ ബലിയാണോ ?സ്‌നേഹമില്ലാതെ ബലിയർപ്പിച്ചിട്ട് എന്തുകാര്യം? എറണാകുളം ബസലിക്കയിൽ കുർബാനയർപ്പിക്കാൻ ശ്രമിക്കുന്ന ആൻഡ്രൂസ് താഴത്തിനോട് അതിന് മുതിരരുതെന്ന് ശബ്ദസന്ദേശവുമായി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്
ആലപ്പുഴ:എറണാകുളം ബസലിക്കയിൽ പൊലീസ് സംരക്ഷണത്തോടെ കുർബാനയർപ്പിക്കാൻ മുതിരരുതെന്ന് മാർ ആൻഡ്രൂസ് താഴത്തിനെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ശബ്ദസന്ദേശവുമായി സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്.അപ്പൊസ്‌തലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് പൊലീസ് സംരക്ഷണത്തോടെ ബലിയർപ്പിക്കാൻ മുതിരരുതെന്നാണ് കുര്യൻ ജോസഫ് തന്റെ ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി,മാർ താഴത്ത്,മറ്റു മെത്രാന്മാർ എന്നിവർക്കാണ് കുര്യൻ ജോസഫിന്റെ സന്ദേശം.
കുര്യൻ ജോസഫിന്റെ ശബ്ദസന്ദേശം ഇങ്ങനെ..യേശുവിനെ ക്രൂശിക്കാനാണ് പടയാളികൾ കാവൽനിന്നത്.അങ്ങനെയുള്ള കാവലിൽ നാം അർപ്പിക്കുന്ന ബലി അതേ ബലിയാണോ?എനിക്കു വേദനയുണ്ട്. ഇത്രയുംകാലം അഭിപ്രായം പറഞ്ഞിരുന്നില്ല. സ്‌നേഹത്തിന്റെ ഭാഷയിൽ വിഷയം തീരണമെന്നു വിചാരിച്ചാണത്. സമാധാനമുണ്ടാകണമെങ്കിൽ ചർച്ചയുണ്ടാകണം.
മാർപ്പാപ്പ പറഞ്ഞു, ഇനി അതംഗീകരിച്ചാൽ മതിയെന്നു പറയുന്ന രീതി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സമവായത്തിനായി വത്തിക്കാനിലും നുൺഷ്യോയുടെ ഓഫീസിലും ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതു നിങ്ങളുടെ സഭ തീരുമാനിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് നമ്മുടെ സഭ ഇനിയുമിരുന്ന് ചർച്ചചെയ്തു തീരുമാനിക്കണം.
ഈ പോക്ക് അപകടകരമാണ്. ഇന്നലെ ഒരു ജഡ്ജ് എന്നെ വിളിച്ചുപറഞ്ഞത് സിറോ ജീസസിലേക്കാണ്(സിറോ മലബാറിനു പകരമായി) നിങ്ങൾ പോകുന്നതെന്നാണ്. ഒരു മെത്രാന്റെ രാജിയിലേക്കും ഇത്രമാത്രം പ്രതിസന്ധിയിലേക്കും പോയിട്ടും ഒരു പ്രശ്‌നവുമില്ല എന്നുപറഞ്ഞാൽ പ്രശ്നമില്ലാതാകുമോ പ്രശ്നമുണ്ടെന്ന് ആദ്യം അംഗീകരിക്കുക. സമവായത്തിനു ശ്രമിക്കുക.
ഇതു വൈദികരുടെയോ മെത്രാന്മാരുടെയോ മാത്രം പ്രശ്‌നമല്ല. സഭയുടെ പാരമ്പര്യം പിതാക്കന്മാർ കൂടിയെടുക്കുന്ന തീരുമാനമല്ല. സഭ മൊത്തത്തിൽ എടുക്കുന്ന തീരുമാനമാണ്.പിതാക്കന്മാരുടെയും സന്യസ്തരുടെയും അൽമായരുടെയും സമിതിയുണ്ടാക്കി ചർച്ചയ്ക്കു മുൻകൈയെടുക്കണം. ആ സമയത്ത് ഇരുകൂട്ടരും പരസ്യമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണം.
ഈ ക്രിസ്മസ് കാലത്ത് ഒരു പുതിയ തുടക്കമിടാമെന്നു പിതാക്കന്മാർ പറയേണ്ടേ? അതല്ലേ ഈശോ പഠിപ്പിച്ച സ്‌നേഹം? അതിനുവേണ്ടിയല്ലേ ഈശോ ഭൂമിയിലെത്തി സ്വയം ബലിയായിത്തീർന്നത്. ആ സ്‌നേഹമില്ലാതെ ബലിയർപ്പിച്ചിട്ട് എന്തുകാര്യം? ഞാൻ കാലുപിടിച്ച് അപേക്ഷിക്കുകയാണ്; സമവായത്തിനു ശ്രമിക്കണമെന്നുമുള്ള അപേക്ഷയോടെയാണ് സന്ദേശം അവസാനിക്കുന്നത്.




