തിരുവനന്തപുരം: ഇന്ന് കേരളത്തിന്റെ സമരനായകൻ വി എസ് അച്യുതാനന്ദന്റെ 101-ാം ജന്മദിനമാണ്. നിരവധി രാഷ്ട്രീയ നേതാക്കൾ ഇതിനോടകം ആശംസകൾ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബിജെപി യുടെ മുതിർന്ന നേതാവും ഗോവ ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വി.എസ് ചരിത്രപുരുഷനെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടന്ന സമരങ്ങൾക്കും പൊതു കാര്യങ്ങള്‍ക്കു വേണ്ടിയിട്ട് പോരാടിയ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. അത് ജീവിതത്തില്‍ സ്വന്തം നെഞ്ചിലേറ്റി പ്രശ്‌നങ്ങളേറ്റെടുത്തുകൊണ്ട്, അതിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹം പോയി. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ പ്രതിബദ്ധത നൂറുശതമാനം പാലിച്ചുപോന്നുവെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

101 വയസ് തികയുന്ന വിഎസിനെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ഗോവ ഗവർണർ ആശംസ അറിയിച്ചത്. ഇങ്ങനെയുള്ള വ്യത്യസ്തമായ ആളുകള്‍ ജനാധിപത്യ പാര്‍ട്ടികളില്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ വി എസിനെ ആരാധനയോടെയാണ് ഞാൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഎസിന്റെ ആശയവും എന്റെ ആശയവും രാഷ്ട്രീയമായിട്ട് വ്യത്യസ്തമാണ്. പക്ഷെ ചില പൊതുപ്രവര്‍ത്തകര്‍ അവരവരുടെ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനപ്പുറം, പൊതുസമൂഹത്തിന്റെ, എല്ലാവരുടേയും വക്താക്കളായി മാറും. അങ്ങനെയുള്ള ഒരാളായിട്ടാണ് വി എസിനെ കാണുന്നത്. എതിര്‍ക്കുന്നവനെയും മാനിക്കുന്നതാണ് ജനാധിപത്യമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.