തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. അമിത വേഗത്തിലായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡിൽ നിർത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവർ തന്നെയാണ്. കെഎസ്ആർടിസി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതവേഗത്തിൽ പോകേണ്ട ട്രാക്കിലൂടെ കാർ സഞ്ചരിച്ചത് 50 കിലോമീറ്റർ വേഗതയിലാണ്. ദേശീയപാതയിൽ വഴിവിളക്കുകളും റിഫ്ലെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ ആറിന് രാത്രിയാണ് വടക്കഞ്ചേരിയിൽ അപകടമുണ്ടായത്. സ്‌കൂളിൽ നിന്ന് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ അടക്കം 9പേർ മരിച്ചിരുന്നു.