ഒറ്റപ്പാലം: കൂലി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കടയുടമ വെട്ടി പരിക്കേല്‍പ്പിച്ചു. ഒറ്റപ്പാലത്താണ് സംഭവം. പാലപ്പുറം പല്ലാര്‍മംഗലം സ്വദേശി മുഹമ്മദ് ഫെബിന് (25) ആണ് ഗുരുതരമായി പരിക്കേറ്റത്. കഴുത്ത്, തല, നെഞ്ച് എന്നിവിടങ്ങളിലേറ്റ പരിക്കുകളോടെ ഫെബിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതിയായ പത്തിരിപ്പാല മണല്‍പ്പറമ്പ് സ്വദേശി സെയ്താലി (48) വെട്ടിയ കത്തിയുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

തിരുവോണ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്. ഓണത്തിന് താല്‍ക്കാലികമായി നടത്തിയ പൂക്കളുടെ മൊത്തക്കച്ചവട കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു ഫെബിന്. കൂലി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്അക്രമത്തിന് കാരണമെന്നാണ് പൊലീസ് വിവരം. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എ. അജീഷ് നേതൃത്യത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.