കണ്ണൂർ: തലശേരി ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർനഗരസഭാ സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്ക് 500 രൂപ ഈടാക്കാനുള്ള നീക്കത്തിൽ നിന്നും നഗരസഭാ പിന്മാറി. പ്രഭാത,സായാഹ്ന സവാരിക്കാരിൽ നിന്നും ചുങ്കം പിരിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്, ബിജെപി പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും രംഗത്തുവന്നതോടെയാണ് ഇത്തരമൊരു കാര്യമേ ആലോചിച്ചിട്ടില്ലെന്നു വ്യക്തമാക്കി കൊണ്ടു നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ രംഗത്തു വന്നത്.

വ്യായാമത്തിനെത്തുന്നവർക്ക് നഗരസഭാ സ്റ്റേഡിയത്തിൽ പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന പ്രചരണം വ്യാജമാണെന്നും ഇത്തരമൊരു വിഷയം നഗരസഭാ കൗൺസിലോ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കമ്മിറ്റിയോ ചർച്ച ചെയ്തിട്ടില്ലെന്നും നഗരസഭാ അധ്യക്ഷ വ്യക്തമാക്കി. എന്നാൽ നഗരസഭയിലെ ഒരു ഉദ്യോഗസ്ഥ നവീകരിച്ച സ്റ്റേഡിയംപരിപാലിക്കുന്നവിഷയത്തിൽ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.

ഇതു അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. നഗരസഭയുമായി ആലോചിച്ചോ സ്റ്റേഡിയം കമ്മിറ്റി അറിഞ്ഞോ നടത്തിയതല്ല. സ്റ്റേഡിയം പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത സ്റ്റേസഡിയം പരിപാലന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചാൽ പൊതുജനങ്ങളെ അറിയിക്കുന്നതാണ്. അല്ലാതെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് നഗരസഭയുമായോ കമ്മിറ്റിയുമായോ യാതൊരു ബന്ധവുമില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. ഇതിനിടെ നഗരസഭാതീരുമാനത്തിൽ പ്രതിഷേധിച്ചു ബിജെപി രംഗത്തുവന്നു.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള തലശ്ശേരി സ്റ്റേഡിയത്തിൽ പ്രഭാത സവാരി നടത്തുന്നവർ 500 രൂപ ചുങ്കവും 250 രൂപയുടെ പെർമിറ്റും എടുക്കണമെന്ന് പിണറായി സർക്കാരിന്റെ തീരുമാനം ലജ്ജാകരവും അപലപനീയവുമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് ആരോപിച്ചു. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് നവീകരിച്ചിട്ടുള്ള സ്റ്റേഡിയം സമ്പന്നർക്ക് മാത്രമായി തുറന്നു കൊടുക്കുന്നതിലൂടെ ആരോടാണ് സർക്കാരിന്റെ കടപ്പാട് വ്യക്തമായി.

കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിൽ അറിയപ്പെടാൻ പോകുന്ന സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഈ കൊള്ള അദ്ദേഹത്തോട് സിപിഎം കാണിക്കുന്ന അനാദരവാണ്.പൗരസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവരെന്ന് മേനി നടക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സാധാരണക്കാരെ കൊള്ളയടിക്കുന്നവരാണെന്ന് വ്യക്തമാവുകയാണ്. ഏത് കാര്യത്തിലും അഴിമതി മാത്രം നടത്തുന്ന ഭരണകർത്താക്കൾ വികസനത്തിന്റെ മറവിലാണ് കൊള്ള നടത്തുന്നത്.

ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ ആവശ്യപ്പെട്ടു.
ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജെപി ജില്ല വൈസ് പ്രസിഡന്റ് പി ആർ രാജൻ വൈസ് പ്രസിഡന്റ് ഹരിദാസ് മണ്ഡലം ട്രഷറർ സുരേഷ് മണ്ഡലം സെക്രട്ടറി നിഷാന്ത് എന്നിവർ സംസാരിച്ചു.