ഇടുക്കി: തുടര്‍ച്ചയായി രണ്ടു ദിവസം മഴ പെയ്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 24 മണിക്കൂറിനുള്ളില്‍ ജലനിരപ്പ് ഏഴ് അടി ഉയര്‍ന്നു. അതിശക്തമായ മഴയാണ് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 6ന് 120.65 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായാണ് കൂടിയത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടര്‍ച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 6 മുതല്‍ വെള്ളിയാഴ്ച രാവിലെ 6 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 101 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 108.20 മില്ലിമീറ്റര്‍ മഴയും പെയ്തു. പിന്നീടുള്ള 24 മണിക്കൂറില്‍ മഴ യഥാക്രമം 54.20 മില്ലിമീറ്റര്‍ 100 മില്ലിമീറ്റര്‍ എന്ന നിലയിലേക്ക് കുറഞ്ഞു. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് ഇവിടെനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 400 ഘനയടിയില്‍ നിന്ന് 1400 ഘനയടിയാക്കി ഉയര്‍ത്തി.