മേപ്പാടി: ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഇനി ഉരുള്‍പൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെ തിരച്ചില്‍നടത്തും. സൂചിപ്പാറ വെള്ളച്ചാട്ടംമുതല്‍ പോത്തുകല്‍വരെയാണ് തിരയുക. അതിസാഹസികമാണ് ഇതുവഴിയുള്ള തിരച്ചില്‍. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ കടന്നുവേണം പോത്തുകല്ലിലെത്താന്‍.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സൈന്യവും എന്‍.ഡി.ആര്‍.എഫും ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍നടത്തിയിട്ടും ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ബാക്കിയുള്ള സാഹചര്യത്തിലാണ് ഉരുള്‍ പൊട്ടിയ വഴിയേ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. പുഞ്ചിരിമട്ടം മുതല്‍ താഴെവരെ പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. വനംവകുപ്പും ദൗത്യസംഘത്തിന് വഴികാട്ടികളായുണ്ടാവും. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ചുമന്ന് പുറത്തെത്തിക്കാന്‍ കഴിയാത്തതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യേണ്ടിവരും.

രാവിലെ ഏഴിന് ദൗത്യംതുടങ്ങിയാല്‍ വൈകീട്ട് മൂന്നിനേ പോത്തുകല്‍ മുണ്ടേരി ഭാഗത്ത് എത്താനാവൂ. അപകടമേഖലയായതിനാല്‍ ക്ലൈമ്പിങ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാകും. മൂന്നാംഘട്ട തിരച്ചിലില്‍ ചാലിയാര്‍ പുഴയില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങള്‍ ഇനിയും കിട്ടാനുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ ഈഭാഗത്ത് തിരച്ചില്‍നടത്തിയിരുന്നു. ആദ്യമായാണ് സംയുക്തദൗത്യം നടത്തുന്നത്.