മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഒമ്പതാം ദിവസവും ഊര്‍ജിതമാക്കി. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടന്ന സ്ഥലങ്ങളും ദൗത്യസംഘം വിശദമായി പരിശോധിക്കും.

കൂടാതെ, ചാലിയാറിലെ സണ്‍റൈസ് വാലിയില്‍ പ്രത്യേക ദൗത്യസംഘം തിരച്ചില്‍ നടത്തും. 12 അംഗങ്ങളാണ് സംഘത്തിലുള്ളത്. എസ്.ഒ.ജി കമാന്‍ഡര്‍മാര്‍ നാലു പേരും സൈന്യത്തില്‍ നിന്ന് ആറു പേരും വനം വകുപ്പില്‍ നിന്ന് രണ്ടു പേരുമാണുള്ളത്. കല്‍പറ്റ എസ്.കെ.എം.ജി എച്ച്.എസ്.എസ് മൈതാനത്ത് നിന്ന് ആദ്യ ആറംഗ സംഘം ഹെലികോപ്റ്ററില്‍ സണ്‍റൈസ് വാലിയിലെത്തി. തിരച്ചിലിന് കഡാവര്‍ ഡോഗും ആര്‍മി ഡോഗ് മോനിയും ഉണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ആറു കിലോമീറ്റര്‍ ദൂരത്തിലാണ് തിരച്ചില്‍ നടത്തുക.

അതിനിടെ, ദുരന്തത്തില്‍ കാണാതായവരുടെ കരട് പട്ടിക റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവരുടെ പേരും മേല്‍വിലാസവും ചിത്രവുമാണ് കരട് പട്ടികയിലുള്ളത്. ഇത് കൂടാതെ, ഗ്രാമപഞ്ചായത്തും നാട്ടുകാരും കാണാതായവരുടെ പട്ടിക തയാറാക്കുന്നുണ്ട്. ഇതും വരും ദിവസങ്ങളില്‍ പുറത്തുവരും.

ദുരന്തത്തില്‍പ്പെട്ട 152 പേരെ കൂടി കാണാനുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഉരുള്‍ ദുരന്തത്തില്‍പ്പെട്ട 661 കുടുംബങ്ങളിലെ 2217 പേര്‍ 16 ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, അട്ടമല മേഖലകളിലായി 4,883 വീടുകളെ ഉരുള്‍പൊട്ടല്‍ ബാധിച്ചിട്ടുണ്ട്.