- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് തുരങ്കപാത യാഥാർഥ്യമാകുമോ? ആനക്കാംപൊയിൽ സന്ദർശിച്ച് നോർവെ സംഘം; അനുയോജ്യമായ പദ്ധതിയെന്ന് പ്രതികരണം
കോഴിക്കോട്: വയനാട്ടിലേക്കുള്ള തുരങ്കപാത യാഥാർത്ഥ്യമാകുമോ? ഒന്നാം പിണറായി സർക്കാർ രൂപം കൊടുത്ത തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി നോർവയിൽ പോയ ശേഷമാണ് അനക്കം വെച്ചത്. ഇപ്പോൾ നോർവെ സംഘം ആകക്കാംപൊയിൽ മറിപ്പുഴ സന്ദർശിച്ചതോടെ തുരങ്കപാതയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. നോർവിജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗ് അടക്കമുള്ളവരാണ് മറിപുഴയിലെത്തിയത്.
തുരങ്കപാത നിർമ്മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് വിദേശ സന്ദർശനത്തിൽ കേരള സർക്കാരും നോർവേയും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടിപ്പെട്ടിരുന്നു. ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടർനടപടികൾ അടുത്ത ദിവസം തന്നെ സർക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഡോമിനിക് ലാംഗ് സന്ദർശത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
ലിന്റോ ജോസഫ് എംഎൽഎ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ, സംസ്ഥാന പ്ലാനിങ് ബോർഡ് വിദഗ്ദ്ധ അംഗങ്ങളായ ഡോ. കെ. രവി രാമൻ, ഡോ. നമശ്ശിവായം.വി, സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അഥോറിറ്റി ഉദ്യോഗസ്ഥൻ ഡോ. ശേഖർ കുര്യാക്കോസ്, ചീഫ് ഡിവിഷൻ പെർസ്‌പെക്റ്റീവ് പ്ലാനിങ് സന്തോഷ് വി, കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബീരേന്ദ്ര കുമാർ, പിഡബ്ല്യുഡി സൂപ്രണ്ടിങ് എഞ്ചിനീയർ വിശ്വ പ്രകാശ്, എക്‌സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ മിഥുൻ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തിൽ ഉണ്ടായിരുന്നു.
നിലവിൽ ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമ്മാണത്തിൽ നോർവേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേൽപ്പിക്കാതെ തുരങ്കപാതകൾ നിർമ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോർവ്വേ മാതൃകയിൽ കേരളത്തിന് അനുകരിക്കാനാവുന്നതാണെന്ന് മുഖ്യമന്ത്രി യൂറോപ്പ് സന്ദർശിച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു.



