പത്തനംതിട്ട: ജില്ലയില്‍ ഡാന്‍സാഫും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമും കോയിപ്രം പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയിലായി. കോയിപ്രം കരിയിലമുക്ക് ചെറുതിട്ട വീട്ടില്‍ സി.ബി.പ്രസന്നന്‍ (52) ആണ് അറസ്റ്റിലായത്.

16 ന് രാത്രി ഏഴിന് കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പ്രതിയുടെ കൈവശം നിന്നും കവറിലാക്കി സൂക്ഷിച്ച നിലയില്‍ 30 ഗ്രാം കഞ്ചാവ് കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ വീട്ടിനുള്ളില്‍ കൂടുതല്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കി. അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ ഇരുന്ന ഭാഗത്തുനിന്നും ഇരുപതോളം ചെറുപൊതികളും രണ്ട് കിലോ കഞ്ചാവിന്റെ പൊതിയും കണ്ടെടുക്കുകയായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായി പോലീസ് ചോദ്യം ചെയ്തു.

പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് ഐ ഷൈജു, എസ് സി പി ഓമാരായ വിപിന്‍, ജോബിന്‍ ജോണ്‍, രതീഷ്, സി പി ഓമാരായ അനന്തകൃഷ്ണന്‍, വിപിന്‍ രാജ്, അനന്ദു , പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. 15 ന് രാത്രി 10.15 ന് 13 ഗ്രാം കഞ്ചാവുമായി വള്ളംകുളം നന്നൂര്‍ കാരുവള്ളി എച്ച് എസ്സിന് സമീപം കുഴിക്കാല തടത്തില്‍ വീട്ടില്‍ സുരേഷ്(50) ആണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ.ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ കൈകൊണ്ടു.എസ് സി പി ഓ ഷാനവാസും നടപടികളില്‍ പങ്കാളിയായി.

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും 16 ന് രാത്രി 9.30 ന് ബീഹാര്‍ ഗയ ജില്ലയില്‍ ഝാരി വില്ലേജില്‍ രഗനിയ എന്ന സ്ഥലത്ത് ജഗത് യാദവ് മകന്‍ മുന കുമാര്‍( 20 ) കഞ്ചാവുമായി പിടിയിലായി.ഇയാളില്‍ നിന്നും അഞ്ചു ഗ്രാം കഞ്ചാവ് ജില്ലാ ഡാന്‍സാഫ് ടീമും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. എസ്.ഐ കെ.ആര്‍.രാജേഷ് കുമാര്‍, സി.പി.ഓമാരായ അഷര്‍ മാത്യു, ഹരിദാസ് എന്നിവര്‍ പോലീസ് നടപടികളില്‍ പങ്കെടുത്തു.