തിരുവനന്തപുരം: കേരളത്തില്‍ 15 വരെ വ്യാപക മഴയ്ക്കു സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാന്‍ കാരണം. ചില ജില്ലകളില്‍ ശക്തമായ മഴയായിരിക്കും ലഭിക്കുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ പരക്കെ മഴ ലഭിച്ചു. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.