തിരുവനന്തപുരം:നെടുമങ്ങാട് ആര്യനാടിന് സമീപം യുവതിയെ രണ്ടാം ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.പാണ്ഡവപുരം സ്വദേശിനി അജിതയെയാണ് രണ്ടാം ഭർത്താവായ ഉണ്ണികൃഷ്ണൻ ആക്രമിച്ചത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.ഇന്നലെ രാത്രി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് പോയ ശേഷം പുലർച്ചെ മടങ്ങിയെത്തിയ ഇയാൾ വാതിലിൽ മുട്ടുകയായിരുന്നു.അജിത വാതിൽ തുറന്നപ്പോൾ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.ആക്രമണത്തിൽ അജിതയുടെ തലയ്ക്കും കാലിലും കൈയ്ക്കുമാണ് വെട്ടേറ്റത്.ആക്രമണത്തിന് ശേഷം ഇതിനായി ഉപയോഗിച്ച വെട്ടുകത്തി എടുത്തെറിയുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്നും അജിത പറഞ്ഞു.

രണ്ടര വർഷം മുമ്പാണ് അജിതയും ഉണ്ണികൃഷ്ണനും നിയമപരമായി വിവാഹം കഴിച്ചത. അജിതയ്ക്ക് കാനഡയിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. അമ്പലമുക്കിൽ ഒരു വീട്ടിൽ ജോലിചെയ്ത് വരികയാണ് അജിത.വിവാഹ ശേഷം പല കാര്യങ്ങളിലും ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാവാറുണ്ട്.കാനഡയിലുള്ള അജിതയുടെ മകളെ വിളിച്ച് കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയുണ്ടായ വഴക്കാണ് ഇന്ന് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

സംശയരോഗം മൂലമാണ് ഭർത്താവും താനുമായി വഴക്കുണ്ടാകാറുള്ളതെന്ന് അജിത പറയുന്നു.ഭർത്താവ് തന്നെ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കാതെ വഴക്കാണ്.ഇത്തിരിനേരം കിടന്നുറങ്ങാമെന്ന് കരുതിയാൽ ഉറങ്ങാൻ സമ്മതിക്കില്ല.മോള് പോയതിന് ശേഷം എപ്പോഴും വഴക്കാണെന്നും പലപ്പോഴും മനപ്പൂർവ്വം പ്രശ്‌നം ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നതെന്നും അജിത പറഞ്ഞു.

വഴക്കിനിടെ പിടിച്ച് മാറ്റാൻ വന്ന അജിതയുടെ അമ്മയ്ക്കും ആക്രമണത്തിൽ പരിക്ക് പറ്റി.നെടുമങ്ങാട് പൊലീസ് അജിതയിൽ നിന്നും മൊഴി എടുത്തു.പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.