കോന്നി: കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊല്ലണോ പുറത്തെടുക്കണോ എന്നതിനെ ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും വനപാലകരും തമ്മില്‍ തര്‍ക്കം. ഇതിനിടെ കാട്ടുപന്നില്‍ കിണറ്റില്‍ മുങ്ങിച്ചത്തു. കിണറ്റില്‍ വീണ പന്നിയെ വെടി വച്ച് കൊല്ലുന്നതിനെ ചൊല്ലിയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിസാബുവും തമ്മില്‍ തര്‍ക്കമുണ്ടായത്.

ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചെങ്ങറ മഠത്തിലേത്ത് കൊച്ചുമോന്റെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറ്റിലാണ് ചൊവ്വാഴ്ച കാട്ടുപന്നി വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഡി.എഫ്. ഒ ആയുഷ് കുമാര്‍ കോറിയും റേഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എസ്. മനോജും കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബുവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രദേശത്ത് നാശം വരുത്താത്ത കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുവാന്‍ കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. കാട്ടുപന്നിയെ ഷാര്‍പ്പ് ഷൂട്ടറെ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുവാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബുവും വാര്‍ഡ് അംഗം പി.വി. ജോസഫും തയാറായില്ല. ഇതു മൂലം കിണറ്റില്‍ വീണ കാട്ടുപന്നിയെ പുറത്തെത്തിക്കാന്‍ വനപാലകര്‍ക്കും കഴിഞ്ഞില്ല.

രണ്ടുദിവസം കിണറ്റില്‍ കിടന്ന കാട്ടുപന്നി നീന്തി തുടിച്ച് തളര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് കിണറ്റില്‍ വെള്ളം കുടിച്ച് ചത്തു. കര്‍ഷകരുടെ കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്യുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് സര്‍ക്കാര്‍ തയാറായത്. ഇതു ഉപയോഗപ്പെടുത്താതെ കാട്ടുപന്നിയെ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കര്‍ഷകരും, നാട്ടുകാരും പ്രതിഷേധിച്ചു. കിണര്‍ വെള്ളം സംരക്ഷിക്കാനായിരുന്നു ശ്രമമെങ്കിലും കിണറ്റില്‍ വെള്ളം കുടിച്ച് പന്നി ചത്തതോടെ ശ്രമം പരാജയപ്പെട്ടു.