പൊഴുതന: ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങിയതോടെ പൊഴുതന നിവാസികൾ കടുത്ത ഭീതിയിൽ. പഞ്ചായത്തിലെ ആനോത്ത്, കൊയിലമൂല ഭാഗങ്ങളിലാണ് ഇന്നലെ വൈകിട്ടോടെ കൂറ്റൻ കാട്ടുപോത്ത് മണിക്കൂറുകളോളം ഭീതി വിതച്ചത്. സമീപവാസികളാണ് കാട്ടുപോത്ത് മേഞ്ഞു നടക്കുന്നതായി കണ്ട് വനംവകുപ്പിനെ അറിയിച്ചത്.

ഇവരിൽ ചിലർ കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിനെ അടുത്തുള്ള വനമേഖലയിലേക്ക് തുരത്തി.

ഏതാണ്ട് മൂന്നുമാസം മുൻപും ഈ മേഖലയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്ന് രണ്ട് കാട്ടുപോത്തുകളാണ് ഒരുമിച്ച് ഇറങ്ങിയതെങ്കിൽ, ഇപ്പോൾ ഒരാളെയാണ് കണ്ടെത്തിയിട്ടുള്ളത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ്റെ പരിധിയിലുള്ള സുഗന്ധഗിരി മേഖലയിൽ വന്യജീവി പ്രതിരോധ വേലി കാര്യക്ഷമമല്ലാത്തതാണ് വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.