- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം തുടരുന്നതിനിടെ ദേ..അടുത്ത അഥിതി; എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ് നാട്ടുകാർ; പരിശോധനയുമായി വനം വകുപ്പ്

ആലപ്പുഴ: കഴിഞ്ഞ ആറ് വർഷമായി കാട്ടുപന്നി ശല്യം രൂക്ഷമായ ചാരുംമൂട് മേഖലയിൽ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി. ചൊവ്വാഴ്ച പുലർച്ചെ കെ.പി. റോഡിലാണ് കാട്ടുപോത്തിനെ കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താനായില്ല.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ പ്രസി സാനറ്റോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. ചെട്ടികുളങ്ങര അമ്പലത്തിലേക്ക് കാറിൽ പോകുകയായിരുന്ന ഫോട്ടോഗ്രാഫർമാരായ ഷാജി ഡേലൈറ്റും സന്തോഷ് ഫോട്ടോ വേൾഡുമാണ് ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയത്. വാഹനം അടുത്തെത്തിയതോടെ ടെലിഫോൺ എക്സ്ചേഞ്ചിന് കിഴക്കുവശത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് കാട്ടുപോത്ത് ഇറങ്ങിപ്പോകുകയായിരുന്നു.
കാട്ടുപോത്തിനെ കണ്ടെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം വിവരം അറിയിച്ചതിനെത്തുടർന്ന് എം.എസ്. അരുൺ കുമാർ എം.എൽ.എ. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് റാന്നിയിൽ നിന്നുള്ള വനംവകുപ്പ് സംഘം അതിവേഗം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
വിവിധയിടങ്ങളിൽ നടത്തിയ തിരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. എന്നാൽ, സ്ഥലത്തെ കാൽപ്പാടുകളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. റാന്നി റേഞ്ച് ഓഫീസർ ബി.ആർ. ജയൻ, സോഷ്യൽ ഫോറസ്ട്രി ചെങ്ങന്നൂർ റേഞ്ച് ഓഫീസർ പി.കെ. രാജേഷ്, ഡെപ്യൂട്ടി റേഞ്ചർ ജോസ്, റാന്നി കരികുളം ഡിവിഷനിലെ റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനകൾക്ക് മേൽനോട്ടം വഹിച്ചത്. വന്യമൃഗശല്യം വർധിക്കുന്നത് ജനങ്ങളുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്.


