പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. പുലർച്ചെ 4.30ക്ക് ഷോളയൂർ ഊത്തുക്കുഴി ഊരിലാണ് സംഭവം നടന്നത്. ഊത്തുകുഴി ഊരിലെ വീട്ടിൽ ലക്ഷ്മണൻ ഒറ്റയ്ക്കായിരുന്നു താമസം.

വീടിനുള്ളിൽ ശുചിമുറി ഇല്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഇന്ന് പുലർച്ചെ ലക്ഷ്മണൻ പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ഇയാൾ ഒറ്റയാനായ കൊമ്പനാനയുടെ മുന്നിൽ പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ ലക്ഷ്മണൻ മരിച്ചു.

മൃതദേഹം അഗളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട് കയറ്റിയിരുന്നു. ഇത് വീണ്ടും പുലർച്ചെ കാടിറങ്ങി വന്നിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇന്നലെ പാലൂരിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താനെത്തിയ ആർആർടി സംഘത്തിന്റെ വാഹനം, കാട്ടാന ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വന്യമൃഗ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വനംവകുപ്പ് ശാശ്വത പരിഹാരം കാണണമെന്നാണ് ഊര് നിവാസികളുടെ ആവശ്യം.