അടിമാലി: ഇടുക്കി അടിമാലിയിൽ വനവിഭവങ്ങൾ ശേഖരിക്കാനെത്തിയ നാലംഗ സംഘത്തിൽ നിന്നും വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ 48 കാരിയുടെ മൃതദേഹം വീണ്ടെടുത്തു. മച്ചിപ്ലാവിന് സമീപം ചൂരക്കെട്ടൻകുടി ആദിവാസികുടിയിലെ താമസക്കാരിയായ ഷീല (48) യുടെ മൃതദേഹമാണ് 24 മണിക്കൂറിനു ശേഷം കണ്ടെത്തിയത്. ഇതോടൊപ്പം ഒഴുക്കിൽപ്പെട്ട സമീപവാസിയായ വത്സ (60) രക്ഷപ്പെടുത്തി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുമ്പുപാലം പതിനാലാംമൈൽ അമ്മാവൻ കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വന വിഭവങ്ങൾ ശേഖരിക്കാൻ പുറപ്പെട്ട നാല്അംഗ സംഘത്തിൽപ്പെട്ടവരാണ് ഇവർ. തിരികെ വരുന്നതിനിടെ വഴി മധ്യേയുള്ള പാറ ചാടി കടക്കുന്നതിനിടെ ബാലൻസ് തെറ്റി ഇരുവരും തോട്ടിൽ വീഴുകയായിരുന്നു. ഉടൻ കൂടെ ഉണ്ടായിരുന്നവർ ബഹളം വെച്ചു. പ്രദേശത്ത് ഉണ്ടായിരുന്നവർ എത്തി. വത്സയെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവർ അപകട നില തരണം ചെയ്തു. ഷീലക്കായി അഗ്‌നിരക്ഷാ സേനയും, പൊലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയായിരുന്നു.

ഈ ഭാഗത്ത് ശക്തമായ കുത്തൊഴുക്കും ആഴവുമുണ്ടായിരുന്നു. അമ്മാവൻകുത്തിൽ അപകടങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. രണ്ട് മാസം മുൻപ് വിനോദ സഞ്ചാരികളായ രണ്ട് യുവാക്കൾ ഇവിടെ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസമായി മഴയായതിനാൽ ഇവിടെ ശക്തമായ വെള്ളമാണ്. രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.