മലപ്പുറം:രാത്രിയിൽ സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുറത്തുപോയതിന്റെ പേരിൽ മഞ്ചേരി പൊലീസിൽ നിന്ന് അതിക്രമവും ഭീഷണിയും നേരിടേണ്ടി വന്നെന്ന് യുവതിയുടെ പരാതി.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെ മഞ്ചേരി-നിലമ്പൂർ റൂട്ടിലാണ് സംഭവം.ഒരു യാത്രയ്ക്കിടെ കടയിൽ ചായകുടിക്കാൻ നിർത്തിയപ്പോൾ പൊലീസുകാർ അതിക്രമിച്ചുകയറി കാർ പരിശോധിച്ചു.കാരണം ചോദിച്ചപ്പോൾ അസഭ്യംപറഞ്ഞു.ഇത് മൊബൈൽക്യാമറയിൽ പകർത്താൻ ശ്രമിച്ച അനുജന്റെ മൊബൈൽഫോൺ ബലംപ്രയോഗിച്ച് വാങ്ങിയെന്നുമാണ് ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ കൂടിയായ അമൃത എൻ ജോസിന്റെ പരാതി.

അല്പസമയം കഴിഞ്ഞപ്പോൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മറ്റൊരു സംഘം എത്തി.തന്നെയും അനുജന്മാരെയും വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.തന്റെ മകനം പെരുവഴിയിൽ നിർത്തിയാണ് തങ്ങളെ കൊണ്ടുപോയത്.പൊലീസ് സ്റ്റേഷനിൽ എത്തിയ ഞങ്ങളോട് വീണ്ടും പൊലീസുകാർ അപമര്യാദയോടെ പെരുമാറുകയായിരുന്നു.

യൂണിഫോമിൽ അല്ലാത്ത ഒരു ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് മുന്നിൽ വന്നു ഇരിക്കുകയും തുടർന്ന് 'ഞാൻ ഇവിടുത്തെ രാജാവാണെന്നും' 'നിങ്ങളെ കള്ളക്കേസിൽ കുടുക്കാൻ എനിക്കറിയാമെന്നും' 'എന്റെ കാൽ കഴുകിയ വെള്ളം കുടിക്കാതെ നിങ്ങളെ വിടില്ല' എന്നൊക്കെ ആക്രോശിക്കുകയും,ഞങ്ങളെ ഇരിക്കാൻ യോഗ്യരല്ല എന്ന് പറഞ്ഞുകൊണ്ട് മാറ്റി നിർത്തുകയും ചെയ്തുവെന്നും മഞ്ചേരി നെട്ടടി സ്വദേശിനിയായ പറയുന്നു.

വിവരങ്ങൾ അറിയാൻ മകനുമായി എത്തിയ തന്റെ സുഹൃത്തുക്കളെ അന്യ ജില്ലക്കാർ എന്ന് പറഞ്ഞുകൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു.പുലർച്ചെ മൂന്നു മണി വരെ തന്റെ മകനെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ പോലും പൊലീസുകാർ അനുവദിച്ചില്ലെന്നുമാണ് വിശദമായ പരാതിയിൽ യുവതി ആരോപിക്കുന്നത്.

അതേസമയം പൊലീസ് അമൃതയേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ,മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയതായും അമൃതയും സഹോദരങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ യുവതിയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരി പ്രതികരിച്ചു.നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽക്കണ്ട വാഹനം പരിശോധിക്കാനായാണ് സബ് ഇൻസ്പെക്ടറും സംഘവും എത്തിയത്. എന്നാൽ വാഹനം പരിശോധിക്കാൻ എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ച് ഇവർ പൊലീസിനോട് തട്ടിക്കയറുകയും ഇതേതുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.വൈദ്യപരിശോധനയ്ക്കുശേഷം പിതാവ് ഇവരെ ജാമ്യത്തിലെടുത്തുകൊണ്ടുപോയെന്നുമാണ് പൊലീസിന്റെ വിശദീകരണം.