തിരുവനന്തപുരം: അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും സ്ത്രീകളാണെന്നും ഇവർക്ക് ആവശ്യമായ പരിരരക്ഷ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാരിന് ശുപാർശ നൽകുമെന്നും വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹർബാലഭവനിൽ നടന്ന ജില്ലാതല അദാലത്തിന്റെ ആദ്യദിനത്തിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.

അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിത അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പബ്ലിക് ഹിയറിങ് നടത്തും. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലയിടങ്ങളിലും പരാതി പരിഹാര സംവിധാനമില്ല. ഇവിടെ ഏതു സമയവും ജീവനക്കാരെ പിരിച്ചു വിടുന്ന സ്ഥിതിയുമുണ്ട്. ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് അൺ എയ്ഡഡ് മാനേജ്മെന്റ് ഒരു തരത്തിലും പരിഗണന നൽകാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജോലിയിൽ നിന്നു പറഞ്ഞു വിടുമ്പോൾ അർഹതപ്പെട്ട ആനുകൂല്യങ്ങളും തൊഴിൽപരിചയമുൾപ്പെടെ സർട്ടിഫിക്കറ്റുകളും നൽകാതെ ഭാവി ജീവിതം അപകടത്തിലാക്കുന്ന പ്രവണത ഉണ്ട്. കേരളം പോലെ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് ഇത്തരം പ്രവണതകൾ ഭൂഷണമല്ല. ഇത്തരം പ്രവണത കാണിക്കുന്ന അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്നതിന് സംവിധാനം അനിവാര്യമാണെന്ന് വിവിധ ജില്ലകളിൽ നിന്നു ലഭിച്ച പരാതികളിലൂടെ കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രസവാനുകൂല്യത്തിന് അർഹതയില്ലെന്നു വരെ രേഖാമൂലം അറിയിപ്പ് നൽകിയതു സംബന്ധിച്ച് കമ്മിഷന് പരാതി ലഭിച്ചു.

വനിത കമ്മിഷന് ലഭിക്കുന്ന പല പരാതികളിലും എതിർകക്ഷികൾ ഹാജരാകാത്ത സ്ഥിതിയുണ്ട്. ചില പരാതികളിൽ പരാതി തന്ന ശേഷം പരാതിക്കാർ തന്നെ ഹാജരാകാത്ത സ്ഥിതിയുണ്ട്. ഇരുകക്ഷികളും ഹാജരായിട്ടുണ്ടെങ്കിൽ മാത്രമേ പ്രശ്നങ്ങൾ രമ്യമായി ചർച്ച ചെയ്തു പരിഹരിക്കാൻ സാധിക്കുകയുള്ളു. കമ്മിഷനു മുൻപാകെ പരാതി നൽകിയതിനു ശേഷം തങ്ങളുടെ ഉദ്ദേശ്യം കഴിഞ്ഞു എന്ന ധാരണയിൽ പിന്നീട് വരാതിരിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. ചില കേസുകളിൽ നോട്ടീസ് കിട്ടിയിട്ടും എതിർകക്ഷികൾ ഹാജരാകാത്തതും കമ്മിഷന്റെ സിറ്റിംഗിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ വളരെയേറെ കൂടുകയാണ്. ഫ്ളാറ്റുകളിൽ താമസിക്കുന്നവർ തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം നിലനിൽക്കുന്നില്ലെന്ന സാഹചര്യം പരാതിയായി ലഭിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് നൽകേണ്ട പരിരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്ത സ്ഥിതിയുമുണ്ട്. ആർഡിഒ കോടതി മുഖാന്തരം മുതിർന്ന പൗരന് സംരക്ഷണം നൽകണമെന്ന നിർദ്ദേശം ഉണ്ടായിട്ടും അതു മക്കൾ പാലിക്കുന്നില്ലെന്ന് പരാതി ലഭിച്ചു.

സർക്കാരിന്റേത് ഉൾപ്പെടെ പല തൊഴിൽ സ്ഥാപനങ്ങളിലും സർക്കാർ, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർക്കു പോലും ഈ നിയമം സംബന്ധിച്ച് അജ്ഞത നിലനിൽക്കുന്നുണ്ടെന്ന് സിറ്റിംഗിൽ വ്യക്തമായി. അതത് സ്ഥാപനങ്ങളിൽ തന്നെ ഇത്തരം പരാതികൾ പരിഹരിക്കപ്പെടണം. ഓരോ സ്ഥാപനങ്ങളിലും വനിത കമ്മിഷൻ നേരിട്ടെത്തി പരാതി പരിഹിക്കുന്നത് പ്രായോഗികമല്ലെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

ആകെ 200 പരാതികളാണ് തിരുവനന്തപുരം ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിനം പരിഗണിച്ചത്. ഇതിൽ 23 പരാതികൾ തീർപ്പാക്കി. ഏഴു പരാതികൾ പൊലീസിന്റെ റിപ്പോർട്ടിനായി അയച്ചു. ഒരു പരാതിയിൽ കൗൺസിലിങ് നടത്തുന്നതിന് നിർദേശിച്ചു. 169 പരാതികൾ അടുത്ത സിറ്റിംഗിലേക്കു മാറ്റി. വനിത കമ്മിഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ പരാതികൾ തീർപ്പാക്കി. വനിത കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, സർക്കിൾ ഇൻസ്പെക്ടർ ജോസ് കുര്യൻ, എസ്ഐ അനിത റാണി, അഡ്വക്കറ്റുമാരായ സോണിയ സ്റ്റീഫൻ, സുമയ്യ, സൂര്യ, കാവ്യപ്രകാശ്, ജിനി, കൗൺസിലർ രേഷ്മ എന്നിവർ പങ്കെടുത്തു.