എറണാകുളം:അങ്കമാലിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ബസ്സ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫി (38) ആണ് മരിച്ചത്. സൗദിയിൽ നിന്നും ഇന്നലെ രാത്രി മടങ്ങിയെത്തിയ യുവതി നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായത്.രാവിലെ 5.45 ഓടെയായിരുന്നു അപകടം.ബംഗളുരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോർ ബസുമാണ് അപകടത്തിൽപ്പെട്ടത്.

കെഎസ്ആർടിസി യാത്രക്കാരിയായിരുന്നു സെലീന.അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശത്തായിരുന്നു അപകടം നടന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ എതിർ ദിശയിൽ നിന്നു വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിലെ ചില്ല് തകർന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗദിയിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ നാട്ടിലേക്കെത്തിയത്.നെടുമ്പാശേരിയിൽ നിന്നും മലപ്പുറത്തേക്ക് പോകുന്ന യാത്രക്കിടെയാണ് അപകടമുണ്ടായത്. സെലീനയുടെ കൂടെ ബന്ധുക്കളും ഉണ്ടായിരുന്നു.അപകടം നേരിൽക്കണ്ട സെലീനയുടെ ബന്ധുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.